മുംബൈ: ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നതിന് മുന്‍പ് മുംബൈയില്‍ വച്ച് നടക്കുന്ന കോവിഡ് പരിശോധനയില്‍ രോഗബാധിതനാണെന്ന് കണ്ടെത്തിയാല്‍ ടീമിലിടം ഉണ്ടാകില്ലെന്ന മുന്നറിയിപ്പുമായി ബിസിസിഐ രംഗത്ത്. മുംബൈയില്‍ എത്തുന്നത് വരെ സ്വയം കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ടിം ഫിസിയോ യോഗേഷ് പര്‍മര്‍ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇംഗ്ലണ്ടിലേക്ക് പോകുന്ന കളിക്കാരും സപ്പോർട്ട് സ്റ്റാഫും അവരുടെ കുടുംബാംഗങ്ങളും മുംബൈയിലെത്തി ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തതിന് ശേഷം, ആദ്യ ദിവസം തന്നെ ആർടിപിസിആർ ടെസ്റ്റിന് വിധേയരാകും. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് താരങ്ങള്‍ എത്തുന്നതിനാല്‍ സുരക്ഷിതമായ ബയോ ബബിള്‍ സ്ഥാപിക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്.
ജൂണ്‍ രണ്ടാം തിയതിയാണ് ഇന്ത്യന്‍ ടീം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുന്നതിനും, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുന്നത്. “മുംബൈയില്‍ എത്തിയതിന് ശേഷം കോവിഡ് പോസിറ്റിവാകുന്നവരുടെ ഇംഗ്ലണ്ട് പര്യടനം അവസാനിക്കും എന്ന് എല്ലാവരേയും അറിയിച്ചിട്ടുണ്ട്. ആര്‍ക്കും പ്രത്യേകമായി യാത്രാ സൗകര്യം ബിസിസിഐ ഒരുക്കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് നടപടി,” ബിസിസിഐ വ്യത്തങ്ങള്‍ അറിയിച്ചു.
Also Read: വെസ്റ്റ് ഇൻഡീസിന് വീണ്ടും ആ മഹത്തായ നാളുകളിലേക്ക് തിരിച്ചെത്താനാവില്ല: കർട്ട്‌ലി ആംബ്രോസ്
ആദ്യ ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കാന്‍ താരങ്ങളോട് ബിസിസിഐ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. രണ്ടാം ഡോസ് ഇംഗ്ലണ്ടില്‍ വച്ച് നല്‍കാനുള്ള നടപടികള്‍ ബിസിസിഐ സ്വീകരിക്കും.
മുംബൈലേക്ക് എത്തുന്നതിന് മുന്‍പ് രണ്ട് തവണ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയിരിക്കണം. ബയോ ബബിളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് രോഗം ബാധിച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്താനാണിത്. മുംബൈയില്‍ എത്താന്‍ കാര്‍, വിമാനം തുടങ്ങിയ യാത്രാമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ താരങ്ങള്‍ക്ക് സ്വാതന്ത്യം നല്‍കിയിട്ടുണ്ട്. കോവാക്സിന്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്, കാരണം കോവിഷീല്‍ഡ് ഇംഗ്ലണ്ടിലും ലഭ്യമാണ്.
The post ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി താരങ്ങള്‍ക്ക് ബിസിസിഐയുടെ കര്‍ശന നിര്‍ദേശങ്ങള്‍ appeared first on Indian Express Malayalam.