രാജ്യത്ത് കോവിഡ്-19 രോഗബാധയുടെ രണ്ടാം തരംഗം ശക്തമായി തുടരുന്നതിനിടെ കോവിഡ് വാക്സിനേഷൻ നടപടികളും മുന്നോട്ട് പോവുകയാണ്. വാക്സിനേഷനുവേണ്ടി കേന്ദ്ര സർക്കാരിന്റെ കോവിൻ (CoWIN) ഓൺലൈൻ സംവിധാനം വഴിയോ ആരോഗ്യസേതു അപ്പ് വഴിയോ രജിസ്ട്രർ ചെയ്യാൻ കഴിയും.
എന്നാൽ ഇപ്പോൾ വാക്സിനേഷന് രജിസ്ട്രർ ചെയ്യാം എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ എസ്എംഎസ് വഴി പ്രചരിക്കുന്നുണ്ട്. ഈ സന്ദേശങ്ങളിൽ നൽകിയ ലിങ്കിൽ ക്ലിക്ക് ചെെയ്താൽ കോവിൻ പോർട്ടലിന് പകരം ഒരു തട്ടിപ്പ് വെബ്സൈറ്റിലേക്കാണ് എത്തിച്ചേരുക. ഇതിൽനിന്ന് ഉപഭോക്താവിന്റെ ഫോണിലേക്ക് അപകടകരമായ ആപ്പ് ഇൻസ്റ്റാൾ ചെയ്യപ്പെടുമെന്നും ഈ തട്ടിപ്പിനെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു.
Read More: അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ ഇനി വാട്സാപ്പിലും അറിയാം
‘വാക്സിൻ രജിസ്റ്റർ’ എന്നത് പോലുള്ള പേരിലാവും ഈ അപ്പ് ഇൻസ്റ്റാൾ ആവുക. കോവിൻ പ്ലാറ്റ്റഫോമിനെ അനുകരിക്കുന്ന തരത്തിലാണ് ആപ്പ് രൂപകൽപന. അതിനാൽ തന്നെ അപകടകാരിയായ അപ്പ് ആണെന്ന് തിരിച്ചറിയാതെ ഉപഭോക്താക്കൾ ഇത് ഇൻസ്റ്റാൾ ചെയ്യാൻ അനുമതി നൽകും.
ഈ തട്ടിപ്പ് സന്ദേശത്തെക്കുറിച്ച് സൈബർ സുരക്ഷാ സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈബർ സുരക്ഷാ സ്ഥാപനമായ എസ്സെറ്റിലെ മാൽവെയർ ഗവേഷകനായ ലൂക്കാസ് സ്റ്റെഫാങ്കോയുടെ ഇത് സംബന്ധിച്ച ട്വീറ്റ് ചുവടെ ചേർക്കുന്നു. ട്വീറ്റിൽ ഈ മെസ്സേജുകളുടെ സ്ക്രീൻഷോട്ട് അടക്കമുള്ള വിവരങ്ങൾ കാണാം.
SMS worm impersonates Covid-19 vaccine free registration
Android SMS worm tries to spread via text messages as fake free registration for Covid-19 vaccine – targets India
It can spread itself via SMS to victim contacts with link to download this malware. https://t.co/EXAAGARqOP pic.twitter.com/HX957bPVu5— Lukas Stefanko (@LukasStefanko) April 29, 2021
ഇന്ത്യയിൽ കോവിഡ് വാക്സിനേഷനായി രജിസ്ട്രർ ചെയ്യാൻ ശ്രമിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഈ തട്ടിപ്പ് മെസേജുകളെന്ന് സൈബർ സുരക്ഷാ രംഗത്തുള്ളവർ അറിയിച്ചു.
Read More: Covid Vaccine Near Me: വാക്സിൻ ഇന്ന് എവിടെയൊക്കെ? അറിയാം എളുപ്പത്തിൽ
നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും?
കോവിൻ പ്ലാറ്റ്‌ഫോം ആരോഗ്യ സേതു ആപ്പ് എന്നിവ വഴി മാത്രമാണ് നിലവിൽ രാജ്യത്ത് വാക്സിനേഷന് വേണ്ടി രജിസ്ട്രർ ചെയ്യാൻ സൗകര്യമുള്ളത്. മറ്റൊരു പ്ലാറ്റ്ഫോമിലൂടെയും വാക്സിനേഷന് വേണ്ടി രജിസ്ട്രർ ചെയ്യാൻ കഴിയില്ല. അതിനാൽ തന്നെ വാക്സിൻ രജിസ്ട്രേഷന് വേണ്ടിയുള്ള ബദൽ മാർഗങ്ങളെന്ന തരത്തിൽ അവകാശവാദമുന്നയിക്കുന്ന ലിങ്കുകളും സന്ദേശങ്ങളുമെല്ലാം തട്ടിപ്പുകളായിരിക്കും എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യമാണോ എന്നോ അവിടെ ഒഴിവുണ്ടോ എന്നോ അറിയാനുള്ള വെബ്സൈറ്റുകളും മറ്റും പ്രവർത്തിക്കുന്നുണ്ട്. പക്ഷേ അവയിലൂടെ വാക്സിനേഷന് വേണ്ടി രജിസ്ട്രർ ചെയ്യാൻ കഴിയില്ല. അതിനായി കോവിൻ (cowin.gov.in) പോർട്ടലോ, ആരോഗ്യ സേതു ആപ്പോ ഉപയോഗിക്കണം.
വാക്‌സിനുള്ള രജിസ്ട്രേഷൻ പ്രക്രിയയെ സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും മൂന്നാം കക്ഷി സന്ദേശം, എസ്എംഎസ് ആയോ ഇമെയിൽ ആയോ വരുന്നുണ്ടെങ്കിൽ അവ അപകടകരമായ ലിങ്കുകളിലേക്ക് നയിക്കുന്ന സന്ദേശങ്ങളായിരിക്കും. അത്തരം സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്കുചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം കൂടുതൽ ആളുകളിലേക്ക് അത്തരം സന്ദേശങ്ങൾ പങ്കിടാതിരിക്കാനും കൂടുതൽ പ്രചരിപ്പിക്കാനും കൂടി ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്.
The post വാക്സിൻ രജിസ്ട്രേഷന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്: അപകടകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക appeared first on Indian Express Malayalam.