വളരെ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ഇന്ന് ഇ-മെയിലുകൾ. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരികൾക്ക് മറ്റും അയക്കുന്ന മെയിലുകൾ ഒന്ന് മാറി പോയാൽ നമ്മൾ അല്പം വിയർക്കും. ‘ജിമെയിൽ’ (Gmail) വഴി അയക്കുന്ന മെയിലുകൾ പിൻവലിക്കാൻ കഴിയില്ല എന്നുള്ള കാരണത്താലാണ് അത്. എന്നാൽ അയച്ച മെയിലുകൾ പിൻവലിക്കാൻ സാധിക്കുമെങ്കിലോ?
ജിമെയിലിൽ അയച്ച മെയിലുകൾ പിൻവലിക്കാൻ ഒരു സംവിധാനമുണ്ട്. നമ്മൾ ആളുമാറി അയക്കുന്ന മെയിലുകൾ അല്ലെങ്കിൽ തെറ്റുകൾ വരുന്ന മെയിലുകൾ ഒക്കെ അയച്ച് കഴിഞ്ഞ് നിശ്ചിത സമയം വരെ ജിമെയിലിൽ നിന്ന് പിൻവലിക്കാൻ സാധിക്കും. ആ മെയിലുകൾ മറ്റേയാൾക്ക് ലഭിക്കുകയില്ല എന്ന് മാത്രമല്ല അയച്ച മെയിൽ അതുപോലെ തന്നെ തിരികെ കംപോസ് മെയിലിൽ ലഭിക്കുകയും തെറ്റുകൾ ഉണ്ടെങ്കിൽ അത് തിരുത്തി അയക്കാനും സാധിക്കും. എങ്ങനെയാണ് ജിമെയിൽ വഴി അയച്ച മെയിൽ പിൻവലിക്കുന്നത് എന്ന് നോക്കാം.
ജിമെയിലിൽ അയച്ച മെയിൽ പിൻവലിക്കാൻ ചെയ്യേണ്ടത്
സ്റ്റെപ് 1: നിങ്ങളുടെ കമ്പ്യൂട്ടർ തുറന്ന് അതിൽ ‘ജിമെയിൽ’ ൽ കയറുക.
സ്റ്റെപ് 2 : ജിമെയിൽ പേജിന്റെ മുകളിലായുള്ള ‘സെറ്റിങ്‌സ്’ (settings) ൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലഭിക്കുന്ന പേജിൽ നിന്ന് ‘സീ ഓൾ സെറ്റിങ്‌സ്’ (See all settings) തിരഞ്ഞെടുക്കുക.
സ്റ്റെപ് 3: അടുത്തതായി ലഭിക്കുന്ന പേജിൽ താഴേക്ക് പോകുമ്പോൾ ‘അണ്ടു സെൻഡ്’ (Undo Send) എന്ന ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ ഒരു സെൻഡ് കാൻസലേഷൻ സമയം (Send Cancellation time) എന്നതിൽ 5, 10, 15, 30 സെക്കന്റ് എന്നിങ്ങനെ സമയവും കാണാൻ കഴിയും.
സ്റ്റെപ് 4: ഇതിൽ നിന്ന് നിങ്ങൾക്ക് വേണ്ട സമയം തിരഞ്ഞെടുക്കാം
ഇത് മെയിലുകൾ പിൻവലിക്കുന്നതിനായി ചെയ്യുന്ന പ്രാഥമിക കാര്യങ്ങൾ മാത്രമാണ്. മെയിലുകൾ പിൻവലിക്കാൻ, മെയിൽ അയച്ചു കഴിഞ്ഞതിന് ശേഷം താഴെ ഇടത് വശത്ത് വരുന്ന ‘അണ്ടു’ (Undo) ക്ലിക്ക് ചെയ്യുകയാണ് ചെയ്യേണ്ടത്. നിലവിൽ ഏറ്റവും കൂടിയത് 30 സെക്കന്റ് സമയമാണ് ഈ ഓപ്ഷൻ കാണുക. സെറ്റിങ്സിൽ നിന്ന് തിരഞ്ഞെടുക്കാവുന്ന ഏറ്റവും കൂടുതൽ സമയവും അതാണ്.
സ്റ്റെപ് 5: വരുത്തിയ മാറ്റങ്ങൾ താഴെ ‘സേവ് ചെയ്ഞ്ചസ്’ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക.
Read Also: യൂട്യുബിലും ഫേസ്ബുക്കിലും വീഡിയോ കണ്ട് ഡാറ്റ ഒരുപാട് നഷ്ടമാകുന്നുണ്ടോ? ഇതൊന്ന് ചെയ്ത് നോക്കൂ
ഇതിലെ ഒരു പോരായ്മ എന്താണെന്ന് വെച്ചാൽ നിങ്ങളയച്ച മെയിൽ നിങ്ങൾക്ക് അണ്ടു ചെയ്യാൻ 30 സെക്കന്റ് സമയം മാത്രമാണ് ലഭിക്കുക. ആ സമയം പേജ് അടക്കുകയോ. ജിമെയിലിൽ നിന്ന് ഇറങ്ങുകയോ ചെയ്താൽ നിങ്ങൾക്ക് പിന്നെ മെസ്സേജ് പിൻവലിക്കാൻ സാധിക്കില്ല. നിങ്ങൾ അയച്ച മെസ്സേജ് അയച്ച വ്യക്തിക്ക് ലഭിക്കുകയും ചെയ്യും.
The post How to Undo mails: മെയിൽ അയച്ചത് മാറി പോയോ? പേടിക്കണ്ട പിൻവലിക്കാൻ വഴിയുണ്ട് appeared first on Indian Express Malayalam.