പബ്ജിയുടെ നിർമാതാക്കളായ ക്രാഫ്റ്റൺ പബ്‌ജി പുതിയ രൂപത്തിൽ ഇന്ത്യയിൽ എത്തിക്കുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ എന്ന പേരിൽ എത്തുന്ന ഗെയിം ഇന്ത്യക്കാർക്ക് വേണ്ടി മാത്രമായിരിക്കും. പഴയ പബ്ജി മൊബൈൽ പുതിയ രീതിയിൽ ഇന്ത്യക്ക് വേണ്ടി മാത്രം നിർമ്മിച്ചിരിക്കുന്നത്.
ഇന്ത്യൻ പതാകയുടെ ത്രിവർണങ്ങളും, പുതിയ പേരുമായി ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ ഉടൻ തന്നെ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗെയിം ഇന്ത്യയിൽ എത്തുന്നതിന് മുൻപ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഇപ്പോൾ ലഭ്യമായ പ്രധാനപ്പെട്ട കാര്യങ്ങൾ താഴെ വായിക്കാം.
മുൻകൂട്ടി രജിസ്റ്റർ ചെയ്യാം
ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ ഗെയിം ഇറങ്ങുന്നതിന് മുൻപ് തന്നെ ഗെയിമിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കും.മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ഗെയിം ഇന്ത്യയിൽ ഇറങ്ങുന്നതിന് മുൻപ് കളിക്കാനും സാധിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ കഴിയുന്നത് ഇന്ത്യക്കാർക്ക് മാത്രം ആയിരിക്കും.
കുട്ടികൾക്കും 18 വയസ്സിൽ താഴെയുള്ളവർക്കും പുതിയ നിയന്ത്രണങ്ങൾ
18 വയസ്സിൽ താഴെയുള്ളവർക്ക് പുതിയ നിയന്ത്രണങ്ങളുമായാണ് ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ എത്തുക. മാതാപിതാക്കളുടെയോ, രക്ഷാകർത്താവിന്റെയോ മൊബൈൽ നമ്പർ നൽകി വേണം ഇവർ ഗെയിം രജിസ്റ്റർ ചെയ്യാൻ. പതിനെട്ടിൽ താഴെ ഉള്ളവർക്ക് ദിവസേന 3 മണിക്കൂർ മാത്രമായിരിക്കും ഗെയിം കളിക്കാൻ സാധിക്കുക. 7000 രൂപക്ക് മുകളിലുള്ള ഇൻ-ആപ്പ് പർച്ചേസുകൾ നടത്താനും ഇവർക്ക് സാധിക്കില്ല. എന്നാൽ കമ്പനി കളിക്കാരുടെ പ്രായം എങ്ങനെയാണ് സ്ഥിരീകരിക്കുക എന്നതിൽ വ്യക്തതയില്ല.
പുതിയ ഡാറ്റ പ്രൈവസി
പബ്ജി മൊബൈൽ കഴിഞ്ഞ വർഷം ഇന്ത്യയിൽ നിരോധിച്ചത് അതിലെ പ്രൈവസി പ്രശ്നങ്ങൾ മുൻനിർത്തി ആയിരുന്നു. പബ്ജിക്ക് എതിരെ പ്രധാനമായിട്ട ഉണ്ടായിരുന്ന ഒരു ആരോപണം ഇന്ത്യയിലെ ഉപയോക്താക്കളുടെ വിവരങ്ങൾ ഇന്ത്യക്ക് പുറത്തുള്ള സെർവറുകളിൽ സൂക്ഷിക്കുന്നു എന്നതായിരുന്നു. അതുകൊണ്ട് തന്നെ ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ ആ പ്രശ്നം പരിഹരിച്ച് കൂടുതൽ പ്രൈവസി നൽകിക്കൊണ്ടാണ് എത്തുക.
” നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഇന്ത്യയിലും സിംഗപ്പൂരിലുമുള്ള സെർവറുകളിൽ മാത്രമെ സൂക്ഷിക്കുകയുള്ളു. എന്നിരുന്നാലും നിയമപരമായ രീതിയിൽ നിങ്ങളുടെ ഡാറ്റ മറ്റു രാജ്യങ്ങളിലേക്കും സ്ഥലങ്ങളിലേക്കും ഗെയിം കളിക്കുന്നതിന്റെ ആവശ്യങ്ങൾക്കായി പങ്കുവെച്ചേക്കും. മറ്റിടങ്ങളിലേക്ക് കൈമാറ്റം ചെയ്യുമ്പോഴും ഇന്ത്യയിൽ ലഭിക്കുന്ന സുരക്ഷ നിങ്ങളുടെ ഡാറ്റ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.” ഗെയിമിന്റെ പുതിയ പോളിസിയിൽ പറയുന്നു.
Read Also: WhatsApp privacy policy: സ്വകാര്യതാ നയത്തിൽ നിലപാട് മാറ്റി വാട്സാപ്പ്, അക്കൗണ്ടുകൾ റദ്ദാക്കില്ല
ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ: ഇപ്പോഴും വ്യകതതയില്ലാത്ത കാര്യങ്ങൾ
പേരിന് പുറമെ മറ്റൊന്നും പരസ്യമാക്കാത്ത ടീസർ വിഡിയോയാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. അതിനാൽ തന്നെ ഗെയിം സംബന്ധിച്ച സംശയങ്ങളും നിരവധിയാണ്.
അതിൽ ആദ്യത്തേത് പബ്ജിയോട് എത്രമാത്രം സാമ്യം ഉള്ളതായിരിക്കും ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ എന്നതാണ്. പുതിയ മാപ്പുകളും ടിഡിഎം മോഡുകളും ഉണ്ടാകുമോ എന്നും സംശയങ്ങൾ ഉയരുന്നുണ്ട്. അതോടൊപ്പം ഇന്ത്യക്ക് പുറത്തുള്ള കളിക്കാരുമായി കളിക്കാൻ സാധിക്കുമോ, ബാൻ ആയ പബ്ജി അക്കൗണ്ട് പുതിയ ഗെയിമിൽ ഉപയോഗിക്കാൻ കഴിയുമോ തുടങ്ങിയ ചോദ്യങ്ങൾക്ക് ക്രാഫ്റ്റൺ വ്യക്തത നൽകാനുണ്ട്.
ടീസർ വിഡിയോയിൽ നൽകിയിരിക്കുന്ന മാപ്പ് യഥാർത്ഥ ഗെയിമിലെ മിറാമർ മാപ്പിനോട് സാമ്യം തോന്നുന്നതാണ്. അതിനാൽ പഴയ ഇന്റർഫേസിൽ തന്നെ പുതിയ ഗെയിം എത്തുമെന്ന് പ്രതീക്ഷിക്കാം. അതോടൊപ്പം പബ്ജി ന്യൂ സ്റ്റേറ്റിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഇന്ത്യക്ക് മാത്രമായി കമ്പനി പുതിയ ഇന്റർഫേസ് നിർമ്മിക്കാനുള്ള സാധ്യതയും കുറവാണ്.
ഗെയിമിന്റെ ലോഞ്ച് ആകുമ്പോഴേക്കും കൂടുതൽ വിവരങ്ങൾ ലഭിക്കും. ഗെയിമിന്റെ രജിസ്‌ട്രേഷൻ ആരംഭിക്കുന്നതിനോടൊപ്പം ലോഞ്ച് തിയതിയും അറിയാൻ കഴിഞ്ഞേക്കും. രജിസ്ട്രേഷന്റെ വിവരങ്ങൾ ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ വെബ്‌സൈറ്റിൽ വൈകാതെ ലഭ്യമാകും എന്നാണ് കരുതുന്നത്.
The post ‘പബ്ജി’ പുതിയ രൂപത്തിൽ ഇന്ത്യയിൽ എത്തുമ്പോൾ, അറിയേണ്ടതെല്ലാം appeared first on Indian Express Malayalam.