തിരുവനന്തപുരം
പാലക്കാട് കഞ്ചിക്കോട്ട് ഉൽപ്പാദിപ്പിക്കുന്ന ലിക്വിഡ് മെഡിക്കൽ ഓക്സിജന്റെ (എൽഎംഒ) ഉപയോഗം കേരളത്തിന് മാത്രമാക്കി സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ വർധന സ്ഥായിയായി നിൽക്കുകയും അവരിൽ ഓക്സിജൻ നൽകേണ്ടവർ വർധിക്കുകയും അതിതീവ്ര ചുഴലിക്കാറ്റ് സാധ്യത മുന്നിൽകണ്ടുമാണ് സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത എല്ലായിടത്തും ഉറപ്പാക്കാൻ ചീഫ് സെക്രട്ടറി വി പി ജോയി ഉത്തരവിട്ടത്. കഞ്ചിക്കോട്ടെ ഇനോക്സ് എയർ പ്രോഡക്ട്സ് ലിമിറ്റഡ് ദിവസം ഉൽപ്പാദിപ്പിക്കുന്ന 185 മെട്രിക് ടൺ ഇനിയൊരു ഉത്തരവുവരെ കേരളത്തിലെ ഉപയോഗത്തിന് മാത്രമായിരിക്കും. ഇവിടത്തെ 16 ഓക്സിജൻ ടാങ്കറും കേരളത്തിനു പുറത്ത് പോകണമെങ്കിൽ സർക്കാർ അനുമതി വാങ്ങണം.
സംസ്ഥാനത്ത് വർധിക്കുന്ന ഓക്സിജൻ ആവശ്യകത കണക്കിലെടുത്ത് ഇതര സംസ്ഥാനങ്ങൾക്ക് തൽക്കാലത്തേക്ക് ഓക്സിജൻ നൽകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കത്തിലൂടെ അറിയിച്ചിരുന്നു. ഏപ്രിൽ 24 മുതൽ മെയ് 12 വരെ ഇതര സംസ്ഥാനങ്ങൾക്ക് 1464 മെട്രിക് ടൺ എൽഎംഒ കൈമാറിയിരുന്നു. തമിഴ്നാടിനുമാത്രം 240 മെട്രിക് ടൺ നൽകി.
എന്നാൽ, തീവ്ര ചുഴലിക്കാറ്റുണ്ടായാൽ വൈദ്യുതി ബന്ധങ്ങൾ താറുമാറായി ഗതാഗത തടസ്സമുണ്ടാകും. അതിനകംതന്നെ കോവിഡ് ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജൻ സംഭരിക്കേണ്ടതിനാലാണ് സർക്കാർ നടപടി. സർക്കാർ തീരുമാനം നടപ്പാക്കാനുള്ള ഉത്തരവാദിത്തം പാലക്കാട് കലക്ടർ, ജില്ലാ പൊലീസ് ചീഫ് എന്നിവർക്കും നൽകി. ഉത്തരവ് ലംഘിച്ചാൽ കമ്പനിക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും.