കോട്ടയം
കോവിഡ് രോഗികൾക്ക് ബ്ലാക്ക് ഫംഗസുണ്ടാകുമെന്ന വാർത്ത അതിശയോക്തിപരമാണെന്ന് ആരോഗ്യവിദഗ്ധൻ ഡോ. മൊഹമ്മദ് അഷീൽ. വളരെ അപൂർവമായി സംഭവിക്കുന്ന ഒന്നാണ് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കർ മൈക്കോസിസ് എന്ന് അദ്ദേഹം ഓൺലൈനിൽ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
കോവിഡ് രോഗികളിൽ ആദ്യ ഒരാഴ്ച നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം രോഗത്തിനെതിരെയാണ് പ്രവർത്തിക്കുക. എന്നാൽ അടുത്ത ഒരാഴ്ച നമ്മുടെ രോഗപ്രതിരോധസംവിധാനം നമുക്കെതിരെ തന്നെ പ്രവർത്തിക്കുന്ന സ്ഥിതിയുണ്ടാകും. ഇതു കുറയ്ക്കാൻ സ്റ്റിറോയ്ഡ് വളരെ നല്ലതാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനം. ശ്വാസം മുട്ടലും മറ്റുമുള്ള കാറ്റഗറി സി രോഗികൾക്കു മാത്രമാണ് സ്റ്റിറോയ്ഡ് നൽകേണ്ടിവരിക.
ഉയർന്ന ഡോസ് സ്റ്റിറോയ്ഡുകൾക്കൊപ്പം ആന്റി ബയോട്ടിക്കുകൾ ചേർത്തുകൊടുക്കുമ്പോഴാണ് ചിലപ്പോൾ ബ്ലാക്ക് ഫംഗസ് വരിക. ഇത് തലച്ചോറിനെയും സൈനസിനെയും ബാധിക്കാം. അതിനു പരിഹാരമായി ആന്റിഫംഗൽ മരുന്നുകൂടി ചേർത്താണ് രോഗികൾക്കു നൽകുന്നതെന്നും അതിനാൽ ഭീതിക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ:
പൊലീസിൽ രോഗികൾ
നന്നേ കുറഞ്ഞു
കോവിഡ് രോഗികളിൽ വാക്സിൻ 99. 9 ശതമാനം മരണസാധ്യത കുറയ്ക്കുന്നു. വാക്സിൻ എടുക്കുന്നവരിൽ 60 മുതൽ 70 ശതമാനം വരെ പേർക്ക് രോഗം വരില്ല. വന്നാൽ തന്നെ 95 ശതമാനത്തിനും ഗുരുതരമാകില്ല. ഇതിനുദാഹരണമായി പൊലീസിൽ വാക്സിൻ എടുത്തതിന്റെ കണക്കാണ് അദ്ദേഹം നിരത്തിയത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത 41887 പൊലീസുകാരിൽ 34000 പേരാണ് വാക്സിനെടുത്തത്. കഴിഞ്ഞ ജൂണിൽ പൊലീസിൽ 13 ശതമാനത്തിന് കോവിഡ് വന്നപ്പോൾ വാക്സിനെടുത്ത ശേഷം അത് 0.34 ശതമാനമായി കുറഞ്ഞു.