പുതുച്ചേരി
എൻഡിഎ സഖ്യകക്ഷികൾ തമ്മില് ഇടഞ്ഞതോടെ പുതുച്ചേരിയിൽ മന്ത്രിസഭാ രൂപീകരണത്തില് അനിശ്ചിതത്വം. എൻആർ കോൺഗ്രസ് ഡിഎംകെയുമായി അടുക്കുന്നുവെന്ന റിപ്പോര്ട്ട് ബിജെപിയെ ഞെട്ടിച്ചു. പുതുച്ചേരിയിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് ലക്ഷ്യമിട്ട്, ജനുവരിവരെയെങ്കിലും സഖ്യ സർക്കാര്തട്ടിക്കൂട്ടാനുള്ള നീക്കത്തിലാണ് ബിജെപി.
ആറ് അംഗമുള്ള ഡിഎംകെയും മൂന്ന് സ്വതന്ത്രരും പത്തംഗമുള്ള എൻആർ കോൺഗ്രസും ചേർന്നാൽ ബിജെപിയെ ഒഴിവാക്കി സർക്കാരുണ്ടാക്കാം. ഇത് അനുവദിക്കാതിരിക്കാനുള്ള അനുനയനീക്കത്തിലാണ് ബിജെപി. ഭരണം കിട്ടാതെവന്നാല് മറുകണ്ടംചാടിയെത്തിയവര് ബിജെപി വിടാന് സാധ്യതയുണ്ട്. മുന്നണിയില് ആലോചനയില്ലാതെ മൂന്ന് ബിജെപിക്കാരെ സഭയിലേക്ക് നാമനിര്ദേശംചെയ്ത ബിജെപി തീരുമാനമാണ് എൻഡിഎ സഖ്യത്തിൽ ഭിന്നതയുണ്ടാക്കിയത്. കോവിഡ് ബാധിച്ച് ചെന്നൈയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി എൻ രംഗസ്വാമിക്ക് ഇതില് കടുത്ത അതൃപ്തിയുണ്ട്. എന്നാല്, ബിജെപിയെ പിണക്കിയാല് നോട്ടുകെട്ടുമായി രാഷ്ട്രീയ കുതിരക്കച്ചവടത്തിന് അവർ ഇറങ്ങുമെന്ന് എൻആർ കോൺഗ്രസിന് അറിയാം.