ഗാസ സിറ്റി
ഗാസയിൽ പലസ്തീൻകാർക്കെതിരെ വ്യോമാക്രമണം തീവ്രമാക്കിയ ഇസ്രയേൽ അവിടെ അതിമാരകമായ വിഷവാതക റോക്കറ്റുകളും പ്രയോഗിച്ചു. വിഷവാതക ആക്രമണത്തിൽ നിരവധിയാളുകൾ മരിച്ചതായി വഫ വാർത്താ ഏജൻസി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ഇവരിൽ പലരെയും അൽ ഷിഫ മെഡിക്കൽ കോംപ്ലെക്സിലാണ് പ്രവേശിപ്പിച്ചത്. ഫോറൻസിക് പരിശോധനയ്ക്ക് വിധേയരാക്കി. ഗാസയിൽ കര ആക്രമണത്തിനും ഇസ്രയേൽ ഒരുക്കമാരംഭിച്ചു. സംഘർഷം ഉടൻ അവസാനിപ്പിക്കാൻ യുഎൻ രക്ഷാസമിതിയുടെ വിർച്വൽ യോഗം വെള്ളിയാഴ്ച ചേരണമെന്ന് ചെെന, നോർവെ, ടുണിഷ്യ തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും അമേരിക്ക തള്ളി.
ഗാസയിൽ അഞ്ച് ദിവസം പിന്നിട്ട ഇസ്രയേലി ആക്രമണത്തിൽ 27 കുട്ടികളടക്കം 120ൽപരം പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ് വിവരം. 600ൽ അധികം ആളുകൾക്ക് പരിക്കുണ്ട്. വ്യാഴാഴ്ച 49 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച എത്രപേർ മരിച്ചെന്ന് അറിവായിട്ടില്ല. വെസ്റ്റ്ബാങ്കിൽ പ്രതിഷേധിച്ച ഏഴ് പലസ്തീൻകാരും കൊല്ലപ്പെട്ടു. ഗാസ ഭരിക്കുന്ന ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഇസ്രയേലിൽ മരണസംഖ്യ എട്ടായി. തെക്കൻ ഇസ്രയേലിൽ ബോംബ് ഷെൽറ്ററിലേക്ക് ഓടുന്നതിനിടെ വീണ് വയോധികയാണ് ഒടുവിൽ മരിച്ചത്. രണ്ട് കുട്ടികൾ ഇസ്രയേലിലും മരിച്ചിട്ടുണ്ട്. മലയാളി നേഴ്സ് സൗമ്യ തിങ്കളാഴ്ച കൊല്ലപ്പെട്ടു.
ഇതിനിടെ ലബനനിൽനിന്ന് ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം ഉണ്ടായെങ്കിലും അപായമുണ്ടായില്ല. എന്നാൽ, ഇസ്രയേലിൽ ചിലയിടങ്ങളിൽ ജൂതരും അറബികളും തമ്മിൽ കടുത്ത സംഘർഷമുണ്ടായി. ഇത് ആഭ്യന്തരയുദ്ധമാകുമെന്ന് പ്രസിഡന്റ് റ്യൂവൻ റിവ്ലിൻ മുന്നറിയിപ്പ് നൽകി. എന്നാൽ, സമാധാനശ്രമങ്ങൾക്ക് വഴങ്ങാതെ പ്രകോപന നിലപാട് കടുപ്പിക്കുകയാണ് പ്രധാനമന്ത്രി. ഗാസയിൽ യുഎൻ അഭയാർഥി ഏജൻസിയുടെ രണ്ട് സ്കൂളും ആക്രമിക്കപ്പെട്ടു. വെള്ളിയാഴ്ച ഗാസയിൽ ഒരു ബാങ്കിന്റെ മന്ദിരം കൂടി ആക്രമിക്കപ്പെട്ടതോടെ തകർക്കപ്പെട്ട ബാങ്കുകളുടെ എണ്ണം മൂന്നായി.
ഗാസയിൽ കടന്ന് കര ആക്രമണത്തിന് ഒരുക്കം ശക്തമാക്കിയ ഇസ്രയേൽ 7000 കരുതൽ സേനാംഗങ്ങളെ സേവനത്തിന് വിളിച്ചു. അതിർത്തിയിൽ സെെനികരെയും ടാങ്കുകളും വിന്യസിച്ചു. ഇസ്രയേലിനെ പിന്തിരിപ്പിക്കാൻ അന്താരാഷ്ട്ര സമ്മർദം വിജയിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. മുസ്ലിങ്ങൾ അതിവിശുദ്ധമായി കാണുന്ന കിഴക്കൻ ജെറുസലേമിലെ അൽ അഖ്സ പള്ളിയിലെ ഇസ്രയേലി അതിക്രമമാണ് സംഘർഷത്തിന് കാരണമായത്.