പനാജി
ഓക്സിജൻ വിതരണം തടസ്സപ്പെട്ട് ഗോവയിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രമായ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാല് ദിവസത്തിനിടെ മരിച്ചത് 75 പേർ. വെള്ളിയാഴ്ചമാത്രം 30 മരണം. വ്യാഴാഴ്ച 15ഉം ബുധനാഴ്ച 21ഉം ചൊവ്വാഴ്ച 26 പേർക്കും ജീവൻ നഷ്ടപ്പെട്ടു. ഓക്സിജൻ വിതരണത്തിലുണ്ടായ തടസ്സത്തെ തുടർന്നാണ് കൂട്ടമരണമുണ്ടായത്.
പുലർച്ചെ ഒന്നിനും ആറിനും ഇടയിലാണ് മരണങ്ങളെല്ലാം സംഭവിച്ചതെന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും ബിജെപി സഖ്യം ഉപേക്ഷിച്ച ഗോവ ഫോർവേർഡ് പാർടി നേതാവും മുൻ ഉപ മുഖ്യമന്ത്രിയുമായ വിജയ് സർദേശായി വെളിപ്പെടുത്തി.
മുഖ്യമന്ത്രി പ്രമോദ് സാവന്തിനും ആരോഗ്യമന്ത്രി വിശ്വജിത്ത് റാണയ്ക്കും എതിരെ ഫോർവേർഡ് പാർടി പൊലീസിൽ പരാതി നൽകി. ഓക്സിജൻ വണ്ടികളുടെ ഗതാഗതത്തിലെ വീഴ്ചയുടെ പേരിൽ കോവിഡ് രോഗികളെ മരണത്തിന് വിട്ടു നൽകാനാവില്ലെന്ന് ഹൈക്കോടതിയുടെ ഗോവ ബെഞ്ച് നിരീക്ഷിച്ചു.