തിരുവനന്തപുരം
സംസ്ഥാനത്ത് സമൂഹ അടുക്കളവഴി കൂടുതൽ പേർക്ക് ഭക്ഷണമെത്തിക്കും. കോവിഡ് രോഗികൾ, വീടുകളിൽ നിരീക്ഷണത്തിലുള്ളവർ, ക്ഷേമ പെൻഷൻ വാങ്ങുന്നവർ എന്നിങ്ങനെ പത്ത് ദുർബലവിഭാഗങ്ങളിൽ അർഹർക്ക് ഭക്ഷണം ലഭ്യമാക്കും. ഇതു സംബന്ധിച്ച് തദ്ദേശവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. ആവശ്യാനുസരണംമാത്രമേ സമൂഹഅടുക്കള ആരംഭിക്കാവൂ. ദുർബലവിഭാഗങ്ങളിൽനിന്ന് അർഹരുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കണം.
ഭക്ഷണം ആവശ്യമുള്ള കിടപ്പുരോഗികളും പാലിയേറ്റീവ് കെയറിലുള്ളവരും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലുള്ളവർ, പട്ടികജാതി, പട്ടികവർഗ കോളനികളിലുള്ളവർ എന്നിവരും പട്ടികയിലുണ്ടാകും. തൊഴിൽവകുപ്പ് ആവശ്യപ്പെടുന്ന മുറയ്ക്ക് അതിഥിത്തൊഴിലാളി ക്യാമ്പിലുള്ളവർക്ക് ഭക്ഷണമെത്തിക്കും. അഗതിരഹിത കേരളം പദ്ധതിയിലുൾപ്പെട്ടവർ, ബഡ്സ് ഗുണഭോക്താക്കൾ, അവരുടെ കുടുംബാംഗങ്ങൾ, ഭിക്ഷാടകർ, അഗതികൾ എന്നിവർക്കും ഭക്ഷണമെത്തിക്കണം.
ഈ വിഭാഗങ്ങളിലുള്ളവരുടെ വാർഡ് തിരിച്ചുള്ള പട്ടിക തദ്ദേശസ്ഥാപനങ്ങൾ സൂക്ഷിച്ച് ആഴ്ചതോറും പുതുക്കണം. പട്ടികയുടെ പകർപ്പ് താലൂക്ക് ഇൻഡിസന്റ് കമാൻഡറിന് ലഭ്യമാക്കണം. പട്ടികയുടെ അടിസ്ഥാനത്തിലാകണം സമൂഹ അടുക്കള തയ്യാറാക്കാൻ. സമൂഹ അടുക്കളയുടെ പരിസരത്ത് ആഹാരം വിളമ്പുകയോ പാഴ്സലോ നൽകരുത്. പാഴ്സൽ വീട്ടിലെത്തിക്കാനുള്ള ചെലവ് തദ്ദേശസ്ഥാപനങ്ങൾ വഹിക്കണം.
തദ്ദേശസ്ഥാപനങ്ങൾ ജനകീയ ഹോട്ടലുകളെയാണ് സമൂഹ അടുക്കളയ്ക്കുവേണ്ടി ആശ്രയിക്കേണ്ടത്. അവയില്ലെങ്കിൽ കുടുംബശ്രീ ആഭിമുഖ്യത്തിൽ ആരംഭിക്കാം. ഭക്ഷണമെത്തിക്കാൻ സന്നദ്ധപ്രവർത്തകരെ ഏർപ്പെടുത്തണം. അവശ്യഘട്ടങ്ങളിൽമാത്രം കുടുംബശ്രീക്കാരെ കൂടാതെ പാചകത്തൊഴിലാളികളെയും വിനിയോഗിക്കാം. ജനകീയഹോട്ടൽവഴി 20 രൂപയ്ക്ക് ഭക്ഷണപ്പൊതി ഉറപ്പുവരുത്തണം. സമൂഹ അടുക്കളകളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഒറ്റത്തവണ റിവോൾവിങ് ഫണ്ടായി 50,000 രൂപ അനുവദിക്കണം. അവയ്ക്കുള്ള ധനസഹായമോ, മറ്റ് സാമഗ്രികളോ സ്പോൺസർഷിപ്പിലൂടെ കുടുംബശ്രീക്ക് നൽകണം.