തിരുവനന്തപുരം
ലോക്ക്ഡൗൺ സമയത്ത് അടിയന്തരയാത്രയ്ക്ക് അപേക്ഷിക്കുന്നവർക്ക് പാസ് നൽകാനുള്ള ഓൺലൈൻ സംവിധാനം വിജയകരമായി പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ പോൽ-ആപ്പിൽ കൂടി ഓൺലൈൻ പാസിന് അപേക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തി. ഇതുവഴി വഴി ലഭിക്കുന്ന പാസിന്റെ സ്ക്രീൻ ഷോട്ട് പരിശോധനാസമയത്ത് കാണിച്ചാൽ മതിയാകും.
ദിവസവേതന തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഹോംനേഴ്സുമാർ തുടങ്ങിയവർക്ക് ലോക്ഡൗൺ തീരുന്നതുവരെ കാലാവധിയുള്ള പാസിനായി അപേക്ഷിക്കാം. വളരെ അത്യാവശ്യമുള്ള കാര്യങ്ങൾക്ക് മാത്രമേ ഓൺലൈൻ പാസിന് അപേക്ഷിക്കാവൂ.
ആശുപത്രികളിലും മറ്റും ചികിത്സയ്ക്ക് പോകുന്നവർക്ക് സത്യവാങ്മൂലം പൂരിപ്പിച്ച് കൈവശം കരുതി യാത്ര ചെയ്യാം. ഇതിനായി പൊലീസിന്റെ ഇ- പാസിന് അപേക്ഷിക്കേണ്ട. തിരിച്ചറിയൽ കാർഡ് കൈയിലുണ്ടാകണം. 75 വയസ്സിനുമുകളിലുള്ളവർ ചികിത്സയ്ക്കായി പോകുമ്പോൾ ഡ്രൈവറെ കൂടാതെ രണ്ടു സഹായികളെ യാത്രയിൽ കൂട്ടാം.
കുട്ടികൾക്കും മാസ്ക്
ഉറപ്പാക്കണം
കുട്ടികൾ മാസ്ക് ധരിക്കുന്നുവെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. അപൂർവമായെങ്കിലും ചില സ്ഥലങ്ങളിൽ 18 വയസ്സിനു താഴെയുള്ള കുട്ടികളെ മാസ്ക് ധരിക്കാതെ പൊതുനിരത്തിൽ കാണുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തവും കടമയുമാണ്. ഇക്കാര്യം മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
ഇ–-പാസ് ഇനി പോല്–-ആപ്പിലും
അവശ്യഘട്ടങ്ങളിൽ യാത്രചെയ്യാനുള്ള ഇ–-പാസിന് ഇനിമുതൽ കേരളാ പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ പോൽ–-ആപ്പിലും അപേക്ഷിക്കാം.
ആപ്പ്സ്റ്റോറിൽനിന്നോ പ്ലേ സ്റ്റോറിൽ നിന്നോ പോൽ–-ആപ് ഡൗൺലോഡ് ചെയ്ത് ഹോം സ്ക്രീനിലെ പോൽ–-പാസ് എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് വിവരങ്ങൾ രജിസ്റ്റർചെയ്യാം. പാസനുവദിച്ചാൽ രജിസ്റ്റർചെയ്ത മൊബൈൽ നമ്പരിൽ ലിങ്ക് ലഭിക്കും. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ക്യുആർ കോഡോടെ പാസ് കിട്ടും.
കൂലിപ്പണിക്കാർ, ദിവസവേതനക്കാർ, വീട്ടുജോലിക്കാർ തുടങ്ങി തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്ക് ഒരാഴ്ചവരെ സാധുതയുള്ള പാസിന് അപേക്ഷിക്കാം. ഒരിക്കൽ നൽകിയ പാസിന്റെ കാലാവധി കഴിഞ്ഞിട്ടേ മറ്റൊരു പാസ് ലഭിക്കൂ. അപേക്ഷയുടെ സ്ഥിതി എസ്എംഎസിലൂടെയും സ്ക്രീനിലെ ചെക് സ്റ്റാറ്റസ് ബട്ടണിലൂടെയും അറിയാം. അവശ്യസേവനക്കാർക്ക് യാത്ര ചെയ്യാൻ സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡ് മതി. പോൽ–-ആപ്പിലെ 31–ാമത്തെ സേവനമാണിത്.