തിരുവനന്തപുരം
കേരളത്തിന്റെ ആദരവും സ്നേഹവും നേഴ്സുമാർക്കൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മഹാമാരിക്കെതിരെ ലോകം പോരാടുമ്പോൾ, നിർണായക സാന്നിധ്യമാണ് നേഴ്സുമാർ. അവരുടെ ത്യാഗവും സേവന സന്നദ്ധതയും എന്നത്തേക്കാളും അനിവാര്യമായ ഘട്ടമാണ് ഇത്. മാതൃകാപരമായ രീതിയിൽ ആ ഉത്തരവാദിത്തം നിർവഹിക്കുന്ന എല്ലാ നേഴ്സുമാർക്കും ‘ലോക നേഴ്സസ് ദിന’ ആശംസകൾ നേരുന്നതായും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
രാജ്യത്തെ നേഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത 20 ലക്ഷം നേഴ്സുമാരിൽ 18 ലക്ഷവും കേരളത്തിൽനിന്നാണ്. ആതുരശുശ്രൂഷാരംഗത്ത് എത്രമാത്രം നിർണായകമാണ് അവരുടെ സ്ഥാനമെന്ന യാഥാർഥ്യത്തിന് അടിവരയിടുന്നതാണ് ഈ കണക്ക്. സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടമാണിത്. സ്വജീവൻ പണയംവച്ച് മറ്റൊരാളുടെ ജീവൻ സംരക്ഷിക്കാൻ പോരാടേണ്ടി വരുന്നവരാണ് നേഴ്സുമാർ. സമൂഹമെന്നനിലയിൽ അത് തിരിച്ചറിഞ്ഞ് കൂടുതൽ പിന്തുണ നേഴ്സുമാർക്ക് നമ്മൾ നൽകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
ആഗോളതലത്തിൽ 20 ലക്ഷത്തോളം നേഴ്സുമാരാണ് കോവിഡ് രോഗബാധിതരായത്. മൂവായിരത്തിലധികംപേർ കോവിഡ് കാരണം മരിക്കുകയും ചെയ്തു. ഈ വെല്ലുവിളി മുമ്പിലുണ്ടായിട്ടും സമൂഹത്തിന്റെ സുരക്ഷയ്ക്കുവേണ്ടി അവർ അക്ഷീണം പ്രയത്നിക്കുകയാണ്. കേരളത്തിന്റെ കോവിഡ് പ്രതിരോധം താരതമ്യേന മികച്ച രീതിയിൽ നടപ്പാക്കാൻ സാധിച്ചതിൽ ആ പ്രയത്നത്തിനുള്ള പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.