മാഡ്രിഡ്
സ്പാനിഷ് ഫുട്ബോൾ ലീഗിൽ ബാഴ്സലോണയുടെ കിരീടപ്രതീക്ഷകൾ മങ്ങുന്നു. 14–-ാംസ്ഥാനത്തുണ്ടായിരുന്ന ലെവന്റെയോട് സമനില വഴങ്ങി (3–-3). ജയിച്ചാൽ ഒന്നാമത് എത്താമായിരുന്നു ലയണൽ മെസിക്കും ടീമിനും. 36 കളിയിൽ 76 പോയിന്റുമായി രണ്ടാമതാണ് ബാഴ്സ. 35 കളിയിൽ 77 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡ് ഒന്നാമതും റയൽ മാഡ്രിഡ് (75) മൂന്നാമതുമാണ്. ആകെ 38 കളിയാണ് ലീഗിൽ.
ഇനിയുള്ള രണ്ടു കളി ജയിച്ചാലും ബാഴ്സയ്ക്ക് ശുഭകരമാകില്ല കാര്യങ്ങൾ. അത്ലറ്റികോയുടെയും റയലിന്റെയും മത്സരഫലവും അവർക്ക് അനുകൂലമാകണം. ഇരുടീമും എല്ലാ കളിയും ജയിച്ചാൽ അത്ലറ്റികോ ചാമ്പ്യൻമാരാകും. റയൽ രണ്ടാമതും ബാഴ്സ മൂന്നാമതുമാകും. 23നാണ് അവസാന റൗണ്ട് കളികൾ.
ലെവന്റെയ്ക്കെതിരെ ആദ്യപകുതിയിൽ രണ്ട് ഗോളിനുമുന്നിലായിരുന്നു ബാഴ്സ. മെസിയും പെഡ്രിയുമാണ് അവർക്ക് ലീഡ് സമ്മാനിച്ചത്. എന്നാൽ, ഇടവേള കഴിഞ്ഞ് ലെവന്റെ കരുത്തുകാട്ടി. രണ്ടു മിനിറ്റുകൾക്കിടെ രണ്ടടിച്ച് അവർ ഒപ്പംപിടിച്ചു. ഗൊൺസാലോ മെലെറോയും ലൂയിസ് മൊറാലെസുമാണ് ഗോളുകൾ നേടിയത്. ബാഴ്സ പതറിയില്ല. ഉസ്മാൻ ഡെംബലെയുടെ ഉശിരൻ ഷോട്ടിലൂടെ അവർ വീണ്ടും മുന്നിലെത്തി. ആഘോഷിച്ചു. പക്ഷേ, കളിയവസാനിക്കാൻ ഏഴുമിനിറ്റ് ബാക്കിനിൽക്കേ സെർജിയോ ല്യോൺ അവരുടെ ചിറകരിഞ്ഞു. സ്കോർ 3–-3. എട്ടാമതുള്ള സെൽറ്റ വിഗോയുമായും അവസാനക്കാരായ ഐബറുമായാണ് ബാഴ്സയ്ക്ക് ബാക്കിയുള്ള കളി.