പലരും കൗൺസിലിംഗും, യോഗയും മറ്റും പരീക്ഷിക്കുന്നുണ്ടെങ്കിലും കൃത്യസമയത്ത് തന്നെ ജോലി തീർക്കുക എന്നത് ഒരു കടമ്പ തന്നെയാണ്. എന്നാൽ ഇക്കാര്യത്തിൽ കൃത്യനിഷ്ഠ പാലിക്കണം എന്ന അഭിപ്രായവുമായെത്തിയിരിക്കുകയാണ് ഒരു ഇന്ത്യൻ കമ്പനി സിഇഓ. വൈകുന്നേരം 6 മണിക്ക് ശേഷവും അവധി ദിവസങ്ങളിലും ജോലിയുമായി ബന്ധപ്പെട്ട ചാറ്റുകൾ ‘കൊല്ലുന്നതിലൂടെ’ പ്രശ്നം കൈകാര്യം ചെയ്യാൻ തന്റെ കമ്പനി തീരുമാനിച്ചതായി ധനകാര്യ സേവന കമ്പനിയായ സിറോഡയുടെ സിഇഒ നിതിൻ കാമത്ത് ട്വീറ്റ് ചെയ്തു. ഓരോ ദിവസവും ജോലി കഴിയുമ്പോഴുണ്ടാകുന്ന വളരെയേറെ ക്ഷീണം തോന്നുന്നതും, തല പെരുക്കുന്നതുമായ അവസ്ഥ ഇതോടെ മാറുമോ എന്നാണ് തങ്ങൾ നോക്കുന്നത് എന്ന് നിതിൻ കാമത്ത് പറഞ്ഞു.
“മൾട്ടിടാസ്കിംഗ് പ്രകടനത്തെ ബാധിക്കുകയും തലച്ചോറിനെ തകരാറിലാക്കുകയും ചെയ്യും. ഒരേ സമയം വ്യത്യസ്ത ചാറ്റ് ഗ്രൂപ്പുകളിലെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഒന്നിലധികം ചർച്ചകളുടെ ഭാഗമാകുന്നത് (മൾട്ടിടാസ്കിംഗ്) വർക്ക് ഫ്രം ഹോം വന്നതിൽ പിന്നെ ഗണ്യമായി ഉയർന്നു.” കാമത്ത് കൂട്ടിച്ചേർക്കുന്നു. തന്റെ ജീവനക്കാരുടെ ജോലി-ജീവിത സന്തുലിതാവസ്ഥ സുഗമമായി മുന്നോട്ട് കൊണ്ടുപോവാൻ തന്റെ ഈ തീരുമാനം സഹായിക്കും എന്നാണ് പ്രതീക്ഷ എന്നും കാമത്ത് കുറിച്ചു.
“വൈകുന്നേരം 6 മണിക്ക് ജോലി അവസാനിപ്പിച്ച് നമ്മുടെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്താൻ സാധിക്കുക എന്നത് ഒരു വലിയ കാര്യമാണ്” എന്നാണ് ഒരാൾ പ്രതികരണം അറിയിച്ചത്. “ലോകമെമ്പാടുമുള്ള കൂടുതൽ മേലധികാരികൾക്ക് ഇത്തരത്തിലുള്ള സഹാനുഭൂതിയും സാമാന്യബുദ്ധിയും ആവശ്യമാണ്.” രണ്ടാമതൊരാൾ പോസ്റ്റുചെയ്തു.