ലണ്ടൻ
മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായി. രണ്ടാമതുള്ള മാഞ്ച്സ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയോട് വീണതോടെയാണ് സിറ്റി അഞ്ചാം ലീഗ് കിരീടം ഉറപ്പിച്ചത്. നാല് സീസണുകൾക്കിടെ പെപ് ഗ്വാർഡിയോളയുടെയും സംഘത്തിന്റെയും മൂന്നാംകിരീടം കൂടിയാണിത്. ഇംഗ്ലീഷ് ഫുട്ബോളിൽ ആകെ ഏഴുവട്ടം സിറ്റി ചാമ്പ്യൻ ടീമായി. തുടക്കത്തിലെ പതർച്ചയിൽനിന്ന് കരകയറിയാണ് സിറ്റി ഇത്തവണ മുന്നേറിയത്. മൂന്ന് കളി ബാക്കിനിൽക്കേ രണ്ടാമതുള്ള യുണൈറ്റഡുമായുള്ള അവരുടെ അന്തരം പത്ത് പോയിന്റാണ്. സിറ്റിക്ക് 35ൽ 80, യുണൈറ്റഡിന് 70. നിലവിലെ ചാമ്പ്യൻമാരായിരുന്ന ലിവർപൂൾ 57 പോയിന്റോടെ ആറാമതാണ്.
ലെസ്റ്റർ സിറ്റിയോട് 5–-2ന്റെ ഞെട്ടിച്ച തോൽവിയുമായാണ് സിറ്റി ഈ സീസൺ തുടങ്ങിയത്. പിൻനിരയിലായിരുന്നു ഗ്വർഡിയോളയ്ക്ക് തലവേദന. പോർച്ചുഗീസുകാരൻ റൂബെൻ ഡയസിനെ ബെൻഫിക്കയിൽനിന്ന് ഗ്വാർഡിയോള റാഞ്ചി. വിൻസെന്റ് കൊമ്പാനിക്കുശേഷം സിറ്റി കണ്ട ഏറ്റവും മികച്ച പ്രതിരോധക്കാരനായി ഈ ഇരുപത്തിമൂന്നുകാരൻ വളർന്നു. എല്ലായിടത്തും റൂബെൻ ഉണ്ടായിരുന്നില്ല. ശരിയായ ഇടങ്ങളിൽ മാത്രമായിരുന്നു അവൻ–-ഗ്വാർഡിയോള റൂബെന് നൽകിയ സർട്ടിഫിക്കറ്റ്. റൂബനൊപ്പം ജോൺ സ്റ്റോൺസായിരുന്നു കൂട്ട്. ഈ സഖ്യം 15 കളിയിൽ വഴങ്ങിയത് വെറും മൂന്ന് ഗോൾ.
നവംബറിൽ ടോട്ടനം ഹോട്സ്പറിനോട് കീഴടങ്ങിയപ്പോൾ എട്ട് പോയിന്റുമായി 11–-ാം സ്ഥാനത്തായിരുന്നു സിറ്റി. എന്നാൽ പിന്നീട് തിരിഞ്ഞുനോക്കിയില്ല. അടുത്ത 27 കളിയിൽ 22ഉം ജയിച്ചു. 15 എണ്ണം തുടർച്ചയായിരുന്നു. എതിരാളികളുടെ തട്ടകങ്ങളിൽ അവരെ കാഴ്ചക്കാരാക്കി സിറ്റി കുതിച്ചു. 2003നുശേഷം ലിവർപൂളിന്റെ ആൻഫീൽഡിൽ ഒരു ജയമുണ്ടായിരുന്നില്ല സിറ്റിക്ക്. ഇത്തവണ ആ ദുഷ്പേരും മാറ്റി. 4–-1ന്റെ ഉജ്വല ജയവുമായി അവർ ആൻഫീൽഡ് വാണു. പരിക്കേറ്റ് മധ്യനിരയിലെ മാന്ത്രികൻ കെവിൻ ഡി ബ്രയ്ൻ പുറത്തിരുന്നപ്പോൾ ഇകായ് ഗുൺഡോവൻ അവതരിച്ചു. ഈ ജർമൻകാരൻ സിറ്റിയുടെ കണ്ണും കാതുമായി.
ഇരുപത്തിമൂന്നിന് എവർട്ടണുമായുള്ള അവസാന മത്സരത്തിനുശേഷം ഗ്വാർഡിയോളയും കൂട്ടാളികളും സ്വന്തംതട്ടകമായ ഇത്തിഹാദിൽ കിരീടമുയർത്തും.