തിരുവനന്തപുരം
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 75 ശതമാനത്തിലധികവും 60 വയസ്സിന് മുകളിലുള്ളവർ. ചൊവ്വാഴ്ചവരെയുള്ള കണക്കനുസരിച്ച് ഐസിഎംആർ മാർഗനിർദേശപ്രകാരം 5958 കോവിഡ് മരണമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതിൽ 4472 പേർ 60 വയസ്സിന് മുകളിലുള്ളവരാണ്. ആകെ മരണനിരക്കിന്റെ 75.05 ശതമാനം വരുമിത്.
അതേസമയം 40 വയസ്സിന് മുകളിലുള്ളവരിലെ മരണനിരക്കിലും കാര്യമായ വർധനയുണ്ടായിട്ടുണ്ട്. മരിച്ച 1254 പേർ 40 വയസ്സിന് മുകളിലുള്ളവരാണ്. ഏകദേശം 22 ശതമാനം. 18 മുതൽ 40 വയസ്സിന് ഇടയിലുള്ള 219 (3.67 ശതമാനം) പേരും കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു. കുട്ടികളിൽ (0-–-17) 13 മരണമാണ് സ്ഥിരീകരിച്ചത്.
രണ്ടാംഘട്ട കോവിഡ് വ്യാപനത്തിൽ ജനിതകവ്യതിയാനം സംഭവിച്ച വൈറസ് ബാധിച്ച യുവാക്കളിൽ രോഗസ്ഥിരീകരണവും മരണനിരക്കും കൂടുതലാണ്. ആദ്യഘട്ട വ്യാപനത്തിൽ പ്രായമായവരിൽ മാത്രം ഒതുങ്ങിനിന്ന വൈറസ് രണ്ടാംവ്യാപനത്തിൽ കൂടുതൽ ശക്തിയാർജ്ജിച്ചതായാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
നിലവിൽ 0.3 ശതമാനം മാത്രമാണ് സംസ്ഥാനത്തെ മരണനിരക്ക്. രോഗനിരക്ക് ഇനിയും ഉയർന്നാലും ഇത് ഒരു ശതമാനത്തിലധികം പോകില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. ഏറ്ററവും കൂടുതൽ പേർ മരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്, 1152 പേർ. കോഴിക്കോട്, തൃശൂർ, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ 500ന് മുകളിലാണ് മരിച്ചവരുടെ എണ്ണം.