തിരുവനന്തപുരം
കോവിഡ് വ്യാപനം അതിതീവ്രമാകുന്ന രണ്ടാംതരംഗ വേളയിലും മാതൃകയായി ഡിവൈഎഫ്ഐ. പത്തുദിവസത്തിനകം സംസ്ഥാനത്തെ രക്ത ബാങ്കുകളിലേക്ക് 5738 ഡിവൈഎഫ്ഐ പ്രവർത്തകർ രക്തം നൽകി. 18നും 45 വയസ്സിനും ഇടയിലുള്ളവർക്ക് വാക്സിൻ നൽകുമ്പോൾ സംസ്ഥാനത്ത് രക്തക്ഷാമമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ‘വാക്സിനേഷനുമുമ്പ് രക്തംനൽകാം’ ക്യാമ്പയിൻ ഡിവൈഎഫ്ഐ ഏറ്റെടുത്തത്. വാക്സിൻ സ്വീകരിച്ചാൽ നിശ്ചിത ദിവസത്തേക്ക് രക്തംദാനം ചെയ്യാനാകില്ല.
എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം പ്രവർത്തകർ രക്തം ദാനംചെയ്തത്–- 948. പാലക്കാട്ട് 622 പ്രവർത്തകരും തിരുവനന്തപുരത്ത് 610ഉം കണ്ണൂരിൽ 533ഉം പ്രവർത്തകർ രക്തം നൽകി. വാക്സിൻ സ്വീകരിക്കുംമുമ്പ് എല്ലാ ഡിവൈഎഫ്ഐ പ്രവർത്തകരും രക്തം നൽകാനാണ് തീരുമാനം. വരുംദിവസങ്ങളിലും രക്തംനൽകും. ആദ്യഘട്ടംമുതൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഡിവൈഎഫ്ഐ പ്രവർത്തകർ സജീവമായുണ്ട്. ഞങ്ങളുണ്ട് എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പ്രതിരോധ പ്രവർത്തനങ്ങൾ.