ജനീവ
ഇന്ത്യയിൽ ഒക്ടോബറിൽ കണ്ടെത്തിയ കോവിഡ് വൈറസ് വകഭേദം (ബി 1.617) ഇതുവരെ 49 രാജ്യത്ത് സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന. 44 രാജ്യത്തുനിന്നുള്ള 45,000 സാമ്പിളിൽ ഈ വകഭേദം കണ്ടെത്തി. അഞ്ച് രാജ്യത്തുനിന്നുകൂടി സ്ഥിരീകരണം ലഭിച്ചു. ഡബ്ല്യൂഎച്ച്ഒയുടെ ആറ് മേഖലയിലും വൈറസിന്റെ തീവ്രവ്യാപനശേഷിയുള്ള ഈ വകഭേദം കണ്ടെത്തിയെന്നും സംഘടനയുടെ പ്രതിവാര മഹാമാരി റിപ്പോർട്ടിൽ പറഞ്ഞു.
ഇന്ത്യക്ക് പുറത്ത്, ബി 1.617 വകഭേദം ഏറ്റവും കൂടുതൽ കണ്ടെത്തിയത് ബ്രിട്ടനില്. ഇന്ത്യൻ വകഭേദത്തിന് ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കൻ, ബ്രസീൽ വകഭേദങ്ങളെ അപേക്ഷിച്ച് ചികിത്സയെ പ്രതിരോധിക്കാനുള്ള കഴിവ് കൂടുതലാണ്. രോഗികൾ വേഗത്തിൽ ഗുരുതരാവസ്ഥയിൽ എത്തുന്നു.
പകർച്ചാശേഷി കൂടുതലുള്ള വൈറസ് വകഭേദത്തിന്റെ സാന്നിധ്യവും മത–- രാഷ്ട്രീയ പരിപാടികൾക്കായുള്ള ആൾക്കൂട്ടങ്ങളും ഇന്ത്യയിലെ കോവിഡ് സാഹചര്യം ഗുരുതരമാക്കി. ഏപ്രിൽ അവസാനത്തെ കണക്ക് പ്രകാരം ഇന്ത്യയിലെ കോവിഡ് രോഗികളിൽ 28 ശതമാനത്തിലും ബി 1.617 സാന്നിധ്യം കണ്ടെത്തി.
‘ഇന്ത്യൻ വകഭേദ’മെന്ന് പറയരുതെന്ന് കേന്ദ്രം
ബി.1.617 കോവിഡ് വകഭേദത്തെ ഇന്ത്യൻ വകഭേദമെന്ന് വിശേഷിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ. ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്ന വകഭേദങ്ങളുടെ പട്ടികയിൽ ബി.1.617 വകഭേദത്തെ ഉൾപ്പെടുത്തിയ വാർത്തയിൽ വൈറസിനെ ഇന്ത്യൻ വകഭേദമമെന്ന് വിശേഷിപ്പിച്ചിരുന്നു. ഈ വിശേഷണത്തിന് അടിസ്ഥാനമില്ലെന്നും ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ട 32 പേജുള്ള റിപ്പോർട്ടിലെവിടെയും ഇന്ത്യൻ വകഭേദമെന്ന് പറയുന്നില്ലെന്നും കേന്ദ്രസർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ബി.1.617നെ ഇന്ത്യൻ വകഭേദമെന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ ഓഫീസും വ്യക്തമാക്കി.