വാഷിങ്ടൺ
വേണ്ടത്ര ആലോചനയില്ലാതെ അടച്ചുപൂട്ടൽ പിൻവലിച്ചതാണ് ഇന്ത്യയിൽ കോവിഡ് രണ്ടാംതരംഗം ഇത്ര ഗുരുതരമാകാൻ കാരണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്തണി ഫൗചി. ഗുരുതരഘട്ടം താണ്ടിയെന്ന മിഥ്യാധാരണയാണ് ഇന്ത്യയെ തെറ്റായ തീരുമാനത്തിലേക്ക് നയിച്ചത്, യുഎസ് സെനറ്റ് സമിതിയോഗത്തില്‍ അദ്ദേഹം പറഞ്ഞു.
കോവിഡ് ഉയർത്തുന്ന പ്രശ്നങ്ങളെ ഗൗരവം കുറച്ച് കാണരുത്. ഭാവിയിൽ ആരോഗ്യരംഗത്ത് ഉണ്ടായേക്കാവുന്ന വെല്ലുവിളികൾ നേരിടാൻ സംവിധാനത്തെ തയ്യാറാക്കി നിർത്തണം. ലോകമൊന്നാകെ പ്രതിസന്ധിയെ ഒരുമിച്ച് നേരിടേണ്ടതും അത്യന്താപേക്ഷിതമാണ്. ലോകത്തെല്ലായിടത്തും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകാതെ അമേരിക്കയിൽ മുൻകരുതലുകളിൽ ഇളവ് വരുത്താനാകില്ല–- അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഇന്ത്യയുടെ കോവിഡ് സാഹചര്യം എടുത്തുകാണിക്കുന്നതെന്ന് യോഗാധ്യക്ഷൻ സെനറ്റർ പാറ്റി മുറേ പറഞ്ഞു.