ഗാസ
ഗാസമുനമ്പില് ഇടതടവില്ലാതെ ബോംബ് വര്ഷവുമായി ഇസ്രായേലിന്റെ സംഹാരതാണ്ഡവം. ബുധനാഴ്ചമാത്രം നൂറോളം ആക്രമണം. തിങ്കളാഴ്ചമുതൽ തുടരുന്ന ബോംബാക്രമണത്തില് കൊല്ലപ്പെട്ടത് 53 പലസ്തീൻകാർ. ഇതിൽ 14 കുട്ടികളുമുണ്ട്. 300ൽപ്പരം ആളുകൾക്ക് പരിക്കേറ്റു. ടെൽ അൽ ഹവാ പ്രദേശത്ത് റീമ തെൽബാനി എന്ന ഗർഭിണിയും ഗർഭസ്ഥ ശിശുവും കൊല്ലപ്പെട്ടു. ഗാസനിയന്ത്രിക്കുന്ന പലസ്തീന് സായുധസംഘമായ ഹമാസിന്റെ മേഖല തലവന് ബാസ്സെം ഈസ്സായും മുതിര്ന്ന നേതാക്കളും കൊല്ലപ്പെട്ടെന്ന് അല് ജസീറ ടിവി റിപ്പോര്ട്ട് ചെയ്തു.
2014ലെ കടന്നാക്രമണത്തിന് ശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും മാരകമായ വ്യോമാക്രമണമാണിത്. ബുധനാഴ്ച ഗാസയിലെ 13 നില അപാർട്മെന്റ് സമുച്ചയം ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്നുവീഴുന്ന ദൃശ്യം മാധ്യമങ്ങൾ പുറത്തുവിട്ടു. ഹമാസിന്റെ നിരവധി നേതാക്കളെ ഇല്ലാതാക്കിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഹമാസ് നടത്തിയ റോക്കറ്റ് വര്ഷത്തില് ആറ് ഇസ്രയേലുകാര് കൊല്ലപ്പെട്ടു. ഗാസയിൽനിന്ന് ഇസ്രയേലിലേക്ക് 1500 റോക്കറ്റ് തൊടുത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം അന്താരാഷ്ട്ര തലത്തിൽ ശക്തമാകുമ്പോഴും ആക്രമണം കടുപ്പിക്കാനൊരുങ്ങുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു. പലസ്തീൻ ജനതയുടെ സമരത്തെ ‘ഉരുക്കുമുഷ്ടി കൊണ്ട്’ നേരിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ബുധനാഴ്ച നിരവധി സമരക്കാരെ അറസ്റ്റ് ചെയ്തു. കേന്ദ്ര നഗരമായ ലോഡിൽ 66 വർഷത്തിനുശേഷം ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തിങ്കളാഴ്ച അനധികൃത ജൂത കുടിയേറ്റക്കാരൻ വെടിവച്ച് കൊന്ന മൗസ്സ ഹസൗനേയുടെ മരണാനന്തരചടങ്ങുകളിൽ പലസ്തീൻകാരും ഇസ്രയേൽ പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർ 30 വാഹനം കത്തിച്ചു.