തൃശൂർ > തെരഞ്ഞെടുപ്പിനായി ബിജെപി കുഴൽപ്പണം കടത്തിയ കേസിലും കവർച്ചയിലും അന്വേഷണം നേതാക്കളിലേക്ക്. തൃശൂർ ജില്ലയിലെ രണ്ട് നേതാക്കൾ കേസിൽ നിർണായക കണ്ണികളായതായി പൊലീസിന് വിവരം ലഭിച്ചു. ഉന്നത നേതാക്കളുടെ അറിവോടെ പണംകടത്തും കവർച്ചയും നടന്നുവെന്നതാണ് വിവരം. കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ ഇതിനകം 19 പ്രതികളെ പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരപ്രകാരമാണ് അന്വേഷണം രണ്ട് ബിജെപി നേതാക്കളിലേക്ക് നീങ്ങുന്നത്. ഡിഐജി എ അക്ബറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘം കഴിഞ്ഞദിവസം യോഗം ചേർന്നു. കേസ് ഫയൽ പരിശോധനയും അന്വേഷണ ഘട്ടവും സംഘം വിലയിരുത്തി.
പണം നഷ്ടപ്പെട്ടതായി പരാതി നൽകിയ കോഴിക്കോട് സ്വദേശി ധർമരാജ് ആർഎസ്എസുകാരനാണെന്നും പണം കൊടുത്തയച്ച സുനിൽ നായിക് യുവമോർച്ച മുൻ ട്രഷററാണെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവം നടന്ന് നിമിഷങ്ങൾക്കകം ബിജെപി ജില്ലാ ഭാരവാഹികളിലൊരാൾ കൊടകരയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ. ഇതോടൊപ്പം, അഭിഭാഷകനായ മറ്റൊരു ജില്ലാ ഭാരവാഹിക്കും കേസിൽ നിർണായക ബന്ധമുണ്ട്.
നേരത്തേ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ കൂടാതെ ആസൂത്രകൻ അടക്കമുള്ള മുഖ്യപ്രതികളേയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പുതിയ അന്വേഷക സംഘം തീരുമാനിച്ചിട്ടുണ്ട്. ധർമരാജിനേയും സുനിൽനായിക്കിനേയും വീണ്ടും ചോദ്യം ചെയ്യും. ഇതിനുശേഷം ബിജെപി നേതാക്കളേയും ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന. എന്നാൽ പ്രതികളിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചത് പ്രതിസന്ധിയായി. കൊടകരയിൽവച്ച് 25 ലക്ഷം രൂപയും വാഹനവും കവർന്നുവെന്നാണ് ധർമരാജ് പരാതി നൽകിയത്. എന്നാൽ കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നുവെന്ന സ്ഥിരീകരണം പൊലീസിന് ലഭിച്ചു. പ്രതികളിൽനിന്ന് 50 ലക്ഷത്തോളം രൂപ കണ്ടെത്തിയിരുന്നു.