കണ്ണൂർ > അമൃത വിദ്യാലയങ്ങളിൽ കോവിഡ് പ്രതിസന്ധിയുടെ മറവിൽ കൂട്ട പിരിച്ചുവിടലും. കൂത്തുപറമ്പ് വിദ്യാലയത്തിൽമാത്രം ആറു ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പതിനേഴു വർഷംവരെ സർവീസുളളവരടക്കം ഇക്കൂട്ടത്തിലുണ്ട്. കോവിഡ് ലോക്ഡൗൺപോലും പരിഗണിക്കാതെ അധ്യാപികമാരെ വിദൂരദിക്കുകളിലേക്കു സ്ഥലംമാറ്റിയ കാര്യം കഴിഞ്ഞ ദിവസം ‘ദേശാഭിമാനി’ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രൈമറി സ്കൂൾ അധ്യാപികമാരായ റീജ രാജീവ്, കെ സി ജീന, ലാബ് അസിസ്റ്റന്റ് കെ വി അനിത എന്നിവരെയും നേഴ്സറി അധ്യാപികമാരടക്കം മറ്റു മൂന്നുപേരെയുമാണ് പിരിച്ചുവിട്ടത്. അനിതയ്ക്ക് 17 വർഷവും റീജ രാജീവിന് 12 വർഷവും ജീനയ്ക്ക് 11 വർഷവും സർവീസുണ്ട്. മറ്റു മൂന്നു പേരിൽ ഒരു പ്രൈമറി സ്കൂൾ അധ്യാപിക താൽക്കാലിക ജീവനക്കാരിയാണ്.
കുട്ടികളുടെ എണ്ണവും വരുമാനവും കുത്തനെ കുറഞ്ഞതിനാൽ മറ്റുവഴിയില്ലെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. കോവിഡ് വ്യാപനം തുടരുന്നതിനാൽ തൽക്കാലത്തേക്കുള്ള ക്രമീകരണമാണെന്നു പറഞ്ഞാണ് എല്ലാവരെയും സ്കൂളിലേക്കു വിളിപ്പിച്ചു സംസാരിച്ചത്. ഓഫ് ലൈൻ ക്ലാസുകൾ പുനരാരംഭിച്ചാൽ തുടരാനാകുമെന്നും സൂചിപ്പിച്ചിരുന്നു. എന്നാൽ സ്കൂളിലെത്തി കൈപ്പറ്റിയപ്പോഴാണ് പിരിച്ചുവിടൽ നോട്ടീസാണെന്ന് അറിഞ്ഞത്. ഒപ്പിടാൻ വിസമ്മതിച്ച ജീവനക്കാരെ പ്രിൻസിപ്പൽ നിർബന്ധിച്ച് ഒപ്പുവാങ്ങുകയായിരുന്നു.
കോവിഡ് മഹാമാരിയും ലോക്ഡൗണും സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടെ ഉള്ള ജോലിയും നഷ്ടപ്പെട്ടതിൽ വിലപിക്കുകയാണ് ഈ ജീവനക്കാരികൾ. നാൽപ്പതു പിന്നിട്ട ഇവർക്ക് മറ്റൊരു ജോലി ലഭിക്കുക ദുഷ്കരമാണ്. അമൃത മാനേജ്മെന്റിനു കീഴിലുള്ള മറ്റു വിദ്യാലയങ്ങളിലും സമാനനിലയിൽ കൂട്ട പിരിച്ചുവിടൽ നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.