തിരുവനന്തപുരം: മുൻ മന്ത്രി ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിൽ മുന്നൂറ് പേര്‍ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബത്തിൽ ഒരാൾ മരണപ്പെട്ടാൽ കുടുംബാംഗങ്ങൾക്ക് പങ്കെടുക്കാനാണ് 20 എന്ന നിബന്ധന വെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിൽ 20 എന്ന അംഗ സംഖ്യയിൽ നിൽക്കില്ലെന്ന് കണ്ടതുകൊണ്ടാണ് അത് മുന്നൂറ് ആക്കിയത്. നാട്ടിൽ ഒരുപാടു പേര്‍ ഗൗരിയമ്മയെ കുടുംബാംഗത്തെപ്പോലെയാണ് കാണുന്നത്. അവര്‍ക്ക് അവസാനമായി ആദരവ് അര്‍പ്പിക്കുകയെന്നത് സംസ്കാരത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ സംസ്കാര ചടങ്ങിൽ ആളുകൾ വികാരപ്പുറത്ത് തള്ളിക്കയറുകയാണ് ചെയ്തത്. അവിടെ ബലപ്രയോഗം ഉണ്ടായാൽ മറ്റൊരു രീതിയിലായിരിക്കും വ്യാഖ്യാനിക്കപ്പെടുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങൾ ഉയര്‍ന്നിരുന്നു.