തിരുവനന്തപുരം > ആന്റിജന് ടെസ്റ്റില് നെഗറ്റീവ് ആയവരില് രോഗം സംശയിക്കുന്നവര്ക്ക് മാത്രം ആര്ടിപിസിആര് ടെസ്റ്റ് ചെയ്യുന്നതാവും പ്രയോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര്ടിപിസിആര് റിസള്ട്ട് വൈകുന്ന സാഹചര്യത്തിലാണ് ഈ നിര്ദേശം. മികച്ച ഫലം നല്കുന്ന ആന്റിജന് കിറ്റുകള് ലഭ്യമായിട്ടുണ്ട്. ഐസിഎംആറിന്റെ പുതിയ മാര്ഗ്ഗനിര്ദ്ദേശവും ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്ന റെയില്വേ യാത്രക്കാര് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര് മുമ്പുള്ള ആര്ടിപിസിആര് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് കരുതണമെന്ന് നിഷ്കര്ഷിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
18 നും 45 നും ഇടയ്ക്ക് വയസ്സുള്ളവര്ക്ക് ഓര്ഡര് ചെയ്ത വാക്സിന് അവര്ക്ക് തന്നെ നല്കുമെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു. ഇക്കാര്യത്തില് ഒരുപാട് മുന്ഗണനാ ആവശ്യം വരുന്നുണ്ട്. എല്ലാവര്ക്കും നല്കാന് മാത്രം വാക്സിന് ഒറ്റയടിക്ക് ലഭ്യമല്ല എന്നതാണ് നേരിടുന്ന പ്രശ്നം. തിക്കുംതിരക്കും ഇല്ലാതെ ക്രമീകരണങ്ങള് ഏര്പ്പെടുത്താന് തദ്ദേശസ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും കൂട്ടായി ശ്രദ്ധിക്കണം. പൊലീസ് സഹായം ആവശ്യമെങ്കില് അതും തേടാവുന്നതാണ്.
45 വയ്സസ്സിനു മുകളിലുള്ളവര്ക്കുള്ള വാക്സിന് കേന്ദ്ര സര്ക്കാര് ലഭ്യമാക്കും എന്നാണ് പുതിയ വാക്സിന് നയത്തില് വ്യക്തമാക്കുന്നത്. കേരളത്തില് 45 വയസ്സിനു മുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണ്. അവര്ക്ക് രണ്ടു ഡോസ് വീതം നല്കണമെങ്കില് 2.26 കോടി ഡോസ് വാക്സിന് കേരളത്തിന് ലഭിക്കണം.
കോവിഡ് തരംഗത്തിന്റെ നിലവിലെ വ്യാപനവേഗതയുടെ ഭാഗമായുണ്ടാകുന്ന മരണനിരക്ക് കുറച്ചു നിര്ത്താന് 45 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷന് എത്രയും പെട്ടെന്ന് പൂര്ത്തിയാക്കണം. അതുകൊണ്ട്, കേരളത്തിനര്ഹമായ വാക്സിനുകള് എത്രയും വേഗത്തില് ലഭ്യമാക്കണം എന്ന് കേന്ദ്ര സര്ക്കാരിനോട് അഭ്യര്ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തില് നിരവധി തവണ ഔദ്യോഗികമായി തന്നെ കേന്ദ്ര സര്ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.