മനാമ: കേരളത്തിലെ സാമൂഹിക മുന്നേറ്റത്തിന് സുപ്രധാന പങ്കുവഹിച്ച ധീരവനിതയെയാണ് ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ബഹ്‌റൈന്‍ പ്രതിഭ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണ്ണമായ ഇടപെടലുകള്‍ നടത്തി സമാനതകളില്ലാത്ത പങ്കുവഹിച്ച വ്യക്തിയാണ് ഗൗരിയമ്മ.ആധുനിക കേരളത്തിന്റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാണ്.
ദേശീയ സ്വാതന്ത്ര്യ സമരരംഗത്തു വലിയ പങ്കുവഹിച്ച ഗൗരിയമ്മ സര്‍ സിപിയുടെ കാലത്തും സ്വാതന്ത്ര്യലബ്ധിക്കു ശേഷവും പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിനും അടിമച്ചര്‍ത്തലിനും വിധേയയായി, അതിനെയെല്ലാം സധൈര്യം നേരിട്ട്, അതിജീവിച്ചു കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തില്‍ പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വമായി. തിരുകൊച്ചി നിയമസഭയിലും പിന്നീട് കേരള രൂപീകരണത്തോടെ അഞ്ചാമത്തേതൊഴികെ ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള നിയമസഭകളിലും ഗൗരിയമ്മ അംഗമായി. ആദ്യ കേരള മന്ത്രിസഭയിലും പിന്നീട് പലതവണയായി വിവിധ വകുപ്പുകളിലും മന്ത്രിയായി മികച്ച സേവനം അനുഷ്ഠിക്കാന്‍ ഗൗരിയമ്മക്കായി.
സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് അധികം കടന്നു വരാതിരുന്ന കാലത്തു നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗൗരിയമ്മ ജനങ്ങളിലേക്കിറങ്ങി അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തന്റെ ജീവിതം മാറ്റിവെക്കുകയായിരുന്നു. കേരള കാര്‍ഷിക പരിഷ്‌കരണ നിയമം അടക്കമുള്ള സാമൂഹ്യമാറ്റത്തിന് നിദാനമായ ബില്ലുകളുടെ നിയമമാക്കലില്‍ ശ്രദ്ധേയമായ പങ്കുവഹിക്കാന്‍ ഗൗരിയമ്മയ്ക്ക് സാധിച്ചു.
അസാമാന്യമായ ത്യാഗവും ധീരതയും പോരാട്ടവും നിറഞ്ഞ തന്റെ ജീവിതത്തിലൂടെ കേരളത്തിന്റെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും പൊതുസമൂഹത്തിനും ഗൗരിയമ്മ നല്‍കിയ സംഭാവന കേരളജനത എക്കാലവും ഓര്‍മ്മിക്കുമെന്നും ഗൗരിയമ്മയുടെ വിയോഗത്തില്‍ ബഹ്‌റൈന്‍പ്രതിഭയുടെ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രതിഭ സെക്രട്ടറി എന്‍വി ലിവിന്‍ കുമാര്‍, പ്രസിഡണ്ട് കെഎം സതീഷ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.