മുംബൈ > ജൂലൈയിലെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യക്ക് പുതിയ മുഖം. വിരാട് കോഹ്ലി ഉൾപ്പെടെ പ്രധാന കളിക്കാർ ആരുംതന്നെ ടീമിലുണ്ടാകില്ല. ആഗസ്ത് നാലിന് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര തുടങ്ങുന്നതിനാൽക്കൂടിയാണ് സീനിയർ താരങ്ങൾ വിട്ടുനിൽക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു ടീം 10 ദിവസമെങ്കിലും നിരീക്ഷണത്തിൽ കഴിയണം. ജൂലൈ 13 മുതൽ 27 വരെയാണ് ഇന്ത്യയുടെ ലങ്കൻ പര്യടനം. ഇതിനാൽത്തന്നെ ലങ്കയിൽ കളിക്കാൻ പോയാൽ ഇംഗ്ലണ്ടുമായുള്ള ആദ്യടെസ്റ്റിൽ പ്രധാന താരങ്ങൾ പുറത്തിരിക്കേണ്ടിവരും.
മൂന്നുവീതം ട്വന്റി–-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കുക. കൊളംബോയിലാകും മുഴുവൻ കളികളും. 2018നുശേഷം ആദ്യമായാണ് ഇന്ത്യ ദ്വീപിൽ കളിക്കാനെത്തുന്നത്.മുതിർന്ന കളിക്കാരുടെ മത്സരഭാരം കുറയ്ക്കാനും ഐപിഎലിൽ ഉൾപ്പെടെ തിളങ്ങിയ യുവനിരയ്ക്ക് അവസരം നൽകാനുമാണ് ബിസിസിഐ ഒരുങ്ങുന്നത്. ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടിട്ടില്ലാത്ത ശിഖർ ധവാൻ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവർ ഉണ്ടാകും. ധവാനാകും ക്യാപ്റ്റൻ. മലയാളിതാരം സഞ്ജു സാംസൺ, പൃഥ്വി ഷാ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ദേവ്ദത്ത് പടിക്കൽ എന്നിവരാകും ബാറ്റിങ് നിരയിലെ പ്രധാനികൾ.
ദീപക് ചഹാർ, ജയദേവ് ഉനദ്ഘട്ട്, ചേതൻ സക്കറിയ എന്നിവർ പേസർമാരുമായും ഉണ്ടാകും. ദേവ്ദത്ത്, ചേതൻ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ അരങ്ങേറും. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ശ്രേയസ് അയ്യരുടെ മടങ്ങിവരവ് വൈകും.ജൂലൈ അഞ്ചിന് ഇന്ത്യ ലങ്കയിലെത്തും. ആദ്യം ഏകദിന പരമ്പരയാണ്. പിന്നീട് ട്വന്റി–-20യും. ജൂലൈ 28ന് മടങ്ങും.