ന്യൂഡൽഹി > കോവിഡ് രണ്ടാംതരംഗം അതിതീക്ഷ്ണമായി തുടരുന്നതിനിടെ കൂട്ടവ്യാപനത്തിന്റെ ആശങ്ക പരത്തി ഉത്തർപ്രദേശിലും ബിഹാറിലും ഗംഗയിൽ മൃതദേഹങ്ങൾ. യുപിയിലെ ഗാസിപ്പുരില് ഗംഗയിലും ഹാമിർപുരിൽ യമുനയിലും മൃതദേഹങ്ങള് ഒഴുകുന്നു. യുപി അതിര്ത്തിയോട് ചേര്ന്ന ബിഹാറിലെ ബക്സര്ജില്ലയിലെ ചൗസ ഗ്രാമത്തില് ഗംഗയില്‍നിന്ന് ജീര്ണിച്ച 71 മൃതദേഹം ജില്ലാ അധികൃതര് അതീവരഹസ്യമായി കരയ്ക്കെടുപ്പിച്ച് തീരത്ത് കുഴിയെടുത്ത് മൂടി. യുപിയില്നിന്ന് ഒഴുക്കിവിട്ടതാണ് ഇവയെന്ന് ബിഹാര് അധികൃതര്.
ഗംഗയില്മാത്രം ഇരുനൂറിലേറെ മൃതദേഹം വലിച്ചെറിഞ്ഞെന്ന് കരുതുന്നു. പാലത്തില് ആംബുലന്സ് നിര്ത്തി ഡ്രൈവര് മൃതദേഹങ്ങള് നദിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യം പുറത്തുവന്നു. ബിഹാറിലെ സരണ് ജില്ലയിലെ ജയ്പ്രഭാ സേതുവിൽ (പാലം) നിന്നുള്ള ദൃശ്യമാണ് ഇതെന്ന് വെളിപ്പെടുത്തി ബിഹാര് ബിജെപി എംപി ജനാര്ദന് സിങ് സിഗ്രിവാള്‍ രംഗത്തെത്തി. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ നദിയിലേക്ക് തള്ളുകയാണെന്നും അധികൃതര് ഇടപെടണമെന്നും സിഗ്രിവാള്‍ പറഞ്ഞു.
നദികളില് ഒഴുകിനടക്കുന്ന മൃതദേഹങ്ങള് ഇരുസംസ്ഥാനവും തമ്മിലുള്ള തര്ക്കത്തിന് വഴിവച്ചു. എന്നാല്, ഇരു സംസ്ഥാനത്തും മൃതദേഹങ്ങള് നദിയിലേക്ക് വലിച്ചെറിയാറുണ്ടെന്ന് അതിര്ത്തിഗ്രാമങ്ങളിലുള്ളവര് ദേശീയമാധ്യമങ്ങളോട് വെളിപ്പെടുത്തി. ബക്സര് ജില്ലയിലെ ചൗസ ഗ്രാമത്തിലാണ് ആദ്യം ഗംഗയില്‍ മൃതദേഹങ്ങള് കൂട്ടത്തോടെ ഒഴുകുന്നത് നാട്ടുകാര് ശ്രദ്ധിച്ചത്. മാധ്യമങ്ങളില് വാര്ത്ത വന്നതോടെ അധികൃതര് രാത്രിതന്നെ രഹസ്യനീക്കം നടത്തി. വന് സന്നാഹത്തോടെ എത്തി മൃതദേഹങ്ങള് കരയ്ക്കെടുത്ത് നദീതീരത്ത് മണ്ണുമാന്തികൊണ്ട് വലിയ കുഴിയെടുത്ത് മൂടി. പോസ്റ്റ്മോര്ട്ടം സാധ്യമല്ലെന്നും ഡിഎന്എ സാമ്പിള് ശേഖരിച്ചിട്ടുണ്ടെന്നും ജില്ലാ അധികൃതര് പറഞ്ഞു. യുപിയിലെ അതിര്ത്തി ജില്ലകളായ വാരാണസി, അലഹബാദ് എന്നിവിടങ്ങളില്നിന്ന് ഒഴുക്കിവിട്ടതാകാം മൃതദേഹങ്ങളെന്നും ജില്ലാ ഉദ്യോഗസ്ഥനായ കെ കെ ഉപാധ്യായ പ്രതികരിച്ചു.
ചൊവ്വാഴ്ച യുപിയിലെ ഗാസിപ്പുരിലും മൃതദേഹങ്ങൾ ഗംഗയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബക്സറിൽനിന്ന് 55 കിലോമീറ്റർമാത്രം അകലെയാണ് ഇത്. ഉത്തർപ്രദേശിലെ ഹാമിർപുർ ജില്ലയിൽ യമുനാനദിയില് ഞയറാഴ്ച 12 മൃതദേഹം കണ്ടെത്തി. ശ്മശാനങ്ങൾ നിറഞ്ഞതിനെത്തുടർന്ന് മൃതദേഹങ്ങൾ നദിയിൽ ഉപേക്ഷിച്ചതാകാമെന്നാണ് നാട്ടുകാരുടെ ആശങ്ക. കോവിഡ് മാനദണ്ഡപ്രകാരം സംസ്കാരത്തിന് 40,000 രൂപവരെ ചെലവുണ്ട്. ഈ പണം കണ്ടെത്താനാകാതെ സാധാരണക്കാര് മൃതദേഹങ്ങള് ഒഴുക്കിവിട്ടതാകാമെന്നും സംശയിക്കുന്നു. യുപിയിലും ബിഹാറിലും കോവിഡ് മരണങ്ങള് യഥാര്ഥമായി റിപ്പോര്ട്ട് ചെയ്യുന്നില്ലെന്ന വസ്തുത തെളിവ് സഹിതം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.