പുതുച്ചേരി > ബിജെപി ഏകപക്ഷീയമായി എംഎൽഎമാരെ നോമിനേറ്റ് ചെയ്തതിനെച്ചൊല്ലി പുതുച്ചേരി എൻഡിഎ സഖ്യത്തിൽ ഭിന്നത. മുഖ്യമന്ത്രി എൻ രങ്കസ്വാമി കോവിഡ് ബാധിതനായി ആശുപത്രിയിൽ കഴിയുന്നതിനിടെ കേന്ദ്രആഭ്യന്തരമന്ത്രാലയം മൂന്നു ബിജെപിക്കാരെ എംഎൽഎമാരായി നോമിനേറ്റ് ചെയ്തതാണ് എൻആർ കോൺഗ്രസിനെ ചൊടിപ്പിച്ചത്. ബിജെപിക്കാരായ വെങ്കിടേഷ്, രാമലിംഗം, അശോക്ബാബു എന്നിവരെയാണ് തിങ്കളാഴ്ച രാത്രി എംഎൽഎമാരായി നോമിനേറ്റ് ചെയ്തത്. അശോക്ബാബു ഒഴികെയുള്ള രണ്ടുപേരും അടുത്തിടെ ബിജെപിയിൽ ചേർന്നവരാണ്. കഴിഞ്ഞ നിയമസഭയിൽ ഡിഎംകെ എംഎൽഎയായിരുന്നു വെങ്കിടേശ്. മുൻസ്പീക്കറും കോൺഗ്രസ് നേതാവുമായിരുന്ന ശിവകൊളുന്തുവിന്റെ സഹോദരനാണ് രാമലിംഗം.
തെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ ധാരണക്ക് വിരുദ്ധമാണിതെന്ന നിലപാടിലാണ് സഖ്യകക്ഷികളായ എൻആർ കോൺഗ്രസും എഐഎഡിഎംകെയും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടേതുപോലെ വോട്ടവകാശം പുതുച്ചേരി നിയമസഭയിൽ നോമിനേറ്റഡ് എംഎൽഎമാർക്കുമുണ്ട്. ഇത്തവണ ആറ് അംഗങ്ങൾ ബിജെപി ടിക്കറ്റിൽ വിജയിച്ചിട്ടുണ്ട്. ആറ് സ്വതന്ത്രരിൽ ശ്രീനിവാസ് അശോക്(യാനം), എം ശിവശങ്കർ (ഒഴുവർകരൈ), അങ്കാളൻ (തിരുഭുവനൈ) എന്നിവരും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നോമിനേറ്റഡ് അംഗങ്ങൾ കൂടിയായതോടെ ബിജെപി അംഗബലം 12 ആയി. ബാക്കി മൂന്ന് സ്വതന്ത്രരെകൂടി ബിജെപി വലവീശുകയാണ്. എൻആർ കോൺഗ്രസ്﹣10, ഡിഎംകെ﹣6, കോൺഗ്രസ്﹣2 എന്നിങ്ങനെയാണ് കക്ഷിനില. നിയുക്ത എംഎൽഎമാരുടെ സാമ്പത്തിക നിലയും കേസുകളും ബിജെപി പരിശോധിക്കുന്നുണ്ട്. കേന്ദ്രഏജൻസികളെ ഇറക്കിയാൽ തനിച്ച് ഭൂരിപക്ഷം ഉറപ്പിക്കാനാവുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.