ജീവിതസായാഹ്നത്തിൽ കൊച്ചുകുട്ടിയെപ്പോലെയായിരുന്നു ഗൗരിയമ്മ. മധുരപ്പലഹാരങ്ങളോടും ചോക്ലേറ്റുകളോടും കമ്പം. കുത്തിവയ്പിനോട് പേടി. പണ്ടേയുള്ള ശുണ്ഠി വാർധക്യത്തിൽ പതിന്മടങ്ങായതുപോലെ. ഒരു ദിവസം ഗൗരിയമ്മയെ കാണാൻ ചെന്നപ്പോൾ ഗൗരിയമ്മ തന്നെ പൂച്ച മാന്തിയതിന്റെ സങ്കടത്തിലായിരുന്നു. ടിടി കുത്തിവയ്പ് എടുക്കാൻ അടുപ്പക്കാരുടെ നിർബന്ധം. ഭരണകൂടങ്ങളുടെ കിരാത മർദനമേൽക്കുമ്പോഴും വേദനയെ അവഗണിച്ച ഗൗരിയമ്മയ്ക്ക് സ്കൂൾ വിദ്യാർഥിക്കു സമാനമായ പേടി. തനിക്ക് അലർജിയാണെന്നു പറഞ്ഞ് കുത്തിവയ്പിൽനിന്ന് ഒഴിഞ്ഞുമാറുന്ന ഗൗരിയമ്മയെ അന്ന് കണ്ടു.
ഒരിക്കൽ ഗൗരിയമ്മയുമായി സംസാരിച്ചിറങ്ങുമ്പോൾ ചോദ്യം: ‘‘എനിക്കൊന്നും കൊണ്ടുവന്നില്ലേ?’’. ഗൗരിയമ്മയ്ക്ക് ചോക്ലേറ്റ് ഇഷ്ടമാണെന്നറിയാമെന്നും അടുത്തതവണ വരുമ്പോൾ കൊണ്ടുവരാമെന്നും പറഞ്ഞപ്പോൾ കിട്ടി ഗംഭീര മറുപടി ‘‘എന്നാൽ അടുത്ത തവണ നീ വരുന്നതുവരെ ഞാൻ ഇവിടെയിരിക്കാം’’. ഒടുവിൽ പുറത്തുപോയി ചോക്ലേറ്റ് വാങ്ങിക്കൊടുത്തിട്ടേ മടങ്ങാൻ പറ്റിയുള്ളൂ. വല്ലപ്പോഴുമൊരിക്കൽ വാർത്താസമ്മേളനം വച്ചാൽ ഗൗരിയമ്മയുടെ ശുണ്ഠി അറിയാവുന്നതുകൊണ്ട് സിപിഐ എമ്മിനെതിരെ എന്തെങ്കിലും പറയിപ്പിക്കാൻ നോക്കുന്ന ചില പത്രക്കാരുടെ ദൗത്യത്തിനും പലപ്പോഴും സാക്ഷിയായി. അസുഖകരമായ ചോദ്യങ്ങൾ ചോദിച്ചാൽ ചുവരിലെ ടി വി തോമസിന്റെ ചിത്രം ചൂണ്ടിക്കാട്ടി പറയും. ‘‘അങ്ങേര് സമ്മതിക്കില്ല കേട്ടോ.’’ആശ്രിതവത്സയും സൽക്കാര പ്രിയയുമൊക്കെയായിരുന്നു ഗൗരിയമ്മ. അവസാനംവരെ തന്റെ പിറന്നാളിൽ പ്രമുഖരെയൊക്കെ ക്ഷണിച്ചുവരുത്തി വലിയ ഹാളിൽ വിഭവസമൃദ്ധമായ സദ്യ നടത്തിയാണ് ആഘോഷിച്ചത്. കുമരകത്തുനിന്ന് കരിമീനും ക്ഷേത്രത്തിൽനിന്ന് പായസവുമൊക്കെ കൊണ്ടുവരും.
ഓർമകൾ മങ്ങിയെങ്കിലും ജീവിതത്തിൽ നാഴികക്കല്ലായ സംഭവങ്ങളൊക്കെ നല്ല ഓർമയായിരുന്നു.
തെരഞ്ഞെടുപ്പ് ഓർമയെപ്പറ്റി സംസാരിക്കാൻ ചെന്നപ്പോഴായിരുന്നു ‘ഗൗരിച്ചോള’ത്തെപ്പറ്റി പറഞ്ഞത്. തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം കിട്ടിയ 1948ലെ ആദ്യ തെരഞ്ഞെടുപ്പ് നടന്നപ്പോഴത്തെ കാര്യമാണ്. അന്ന് ചേർത്തല ദ്വയാംഗ മണ്ഡലത്തിൽ ജനറൽ സീറ്റിൽ ഗൗരിയമ്മയും ലത്തീൻ സംവരണ സീറ്റിൽ കമ്യൂണിസ്റ്റ് പാർടിയിലെ തന്നെ പി എസ് സോളമനുമായിരുന്നു മത്സരിച്ചത്. അക്കാലത്ത് വോട്ട് ആർക്കാണെന്ന് ബൂത്തിൽ ചെന്ന് വിളിച്ചുപറയുകയാണ് പതിവ്. അന്ന് റേഷൻ കടവഴി ചോളം വിതരണമുണ്ടായിരുന്നു. സോളമൻ എന്ന പേര് സുപരിചിതമല്ലാത്ത കമ്യൂണിസ്റ്റ് അനുഭാവികളോട് പറഞ്ഞത് ബൂത്തിൽ ചെന്ന് ‘ഗൗരിച്ചോളം’ എന്നു വിളിച്ചുപറയാനാണ്. മറക്കാതിരിക്കാൻ ആളുകളുടെ കൈയിൽ ചോളമണികളും കൊടുത്തു. അന്ന് പി കൃഷ്ണപിള്ളയും ഭാര്യ തങ്കമ്മയും പ്രചാരണത്തിനു വന്നതും ഗൗരിയമ്മയ്ക്ക് ഓർമയുണ്ടായിരുന്നു. വയലാർ രവിയുടെ അമ്മ ദേവകി കൃഷ്ണൻ അരിവാളുമായി കമ്യൂണിസ്റ്റ് പാർടിയുടെ പ്രകടനത്തിനു വന്നതും 1965ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ഇതേ ദേവകി കൃഷ്ണനെ താൻ തോൽപ്പിച്ച കൗതുകവും അന്ന് അവർ പങ്കുവച്ചു. മാരാരിക്കുളത്തെ ബൂത്തിൽ ചെന്നപ്പോൾ പിന്നീട് ജീവിതസഖാവായ ടി വി തോമസിനെ കണ്ടതും ഗൗരിയമ്മ മനസ്സിൽ സൂക്ഷിച്ചുവച്ചിരുന്നു. ഡോർ പോയ ഒരു കാറായിരുന്നു പ്രചാരണത്തിന് ഉണ്ടായിരുന്നത്. അത് വീണുപോകാതിരിക്കാൻ ഒരാൾ പിടിച്ചുകൊണ്ടിരുന്നതൊക്കെ ഇന്നലെ എന്നപോലെയായിരുന്നു വർണിച്ചത്.
സമ്പന്ന കുടുംബത്തിൽ പിറന്ന തനിക്ക് ശ്രീനാരായണ ഗുരുവും കുമാരനാശാനും പെരിയോർ ഇ വി രാമസ്വാമി നായ്ക്കരും സി വി കുഞ്ഞിരാമനും ടി കെ മാധവനുമൊക്കെ വന്നുപോയിരുന്ന സ്വന്തം വീട് സാമൂഹ്യബോധം പകർന്നുനൽകിയതും പി കൃഷ്ണപിള്ളയുടെ പാതയിൽ കമ്യൂണിസ്റ്റ് പാർടി അംഗമായതുമൊക്കെ 100 വയസ്സായപ്പോൾ സന്ദർശിച്ചപ്പോൾ ഗൗരിയമ്മ വിവരിച്ചു. 12 പ്രസവിച്ച അമ്മയുടെ കാര്യവും പിറന്നാളിന് അമ്മയുണ്ടാക്കുന്ന പായസം തോർത്തുമുണ്ടുടുത്ത് പണിക്കാർക്കൊപ്പം ഇരുന്ന് ഉണ്ണുന്നതുമൊക്കെ ഒരു നൂറ്റാണ്ടിനിപ്പുറവും ഗൗരിയമ്മ മറന്നിരുന്നില്ല. തിരുമല ദേവസ്വത്തിന്റെ 4000 ഏക്കർ കൃഷിചെയ്തിരുന്ന കുടുംബത്തിൽനിന്നാണ് ഗൗരിയമ്മ നിരാലംബരുടെ മുന്നണിപ്പടയിൽ അണിചേർന്നത് എന്നതും ഇന്നോർക്കുമ്പോൾ അതിശയകരം.