കൊച്ചി> കെ ആര് ഗൗരിയമ്മയുടെ നിര്യാണത്തില് എം സി ജോസഫൈന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു കെ.ആര്.ഗൗരിയമ്മയുടേതെന്ന് എം.സി.ജോസഫൈന് അനുസ്മരിച്ചു. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തിനൊപ്പം നടന്ന് അതിന്റെ അവിഭാജ്യ ഘടകമായ വനിതയാണ് ഗൗരിയമ്മ. ഒരു നൂറ്റാണ്ടിലേറെ ജീവിച്ച് തന്റെ ജീവിതം തന്നെ ഇതിഹാസമാക്കിമാറ്റിയ വ്യക്തിത്വമാണ് അവരുടേത്.
നിലപാടുകളോട് പ്രതിബദ്ധത പുലര്ത്തിയിരുന്ന കെ.ആര്.ഗൗരിയമ്മയുമൊന്നിച്ച് വര്ഷങ്ങളോളം പ്രവര്ത്തിച്ച ഓര്മകള് എന്നും ആവേശമായി ഉള്ളിലുണ്ടാകും.
അശരണര്ക്കും പാര്ശ്വവത്കരിക്കപ്പെട്ടവര്ക്കും വേണ്ടി ജീവിതം സമര്പ്പിക്കുകയും ജനകീയ വിഷയങ്ങളില് അവസാനം വരെ ഇടപെടുകയും ചെയ്തു. സ്ത്രീ സമൂഹത്തിന്റെ ഉന്നമനവും വളര്ച്ചയും മനസില് സൂക്ഷിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്ത ഗൗരിയമ്മ സ്ത്രീത്വത്തിന്റെ വിപ്ലവ പ്രതീകമാണ്.
തിരുക്കൊച്ചി സഭയില് തുടങ്ങി കേരള നിയമസഭയിലെത്തി റവന്യൂമന്ത്രിയും, കൃഷി, സാമൂഹ്യക്ഷേമം, വ്യവസായം, വിജിലന്സ്, നീതിന്യായം, സഹകരണം, മൃഗസംരക്ഷണം തുടങ്ങി വിവിധ വകുപ്പുകള് ദീര്ഘകാലം കൈകാര്യം ചെയ്ത് സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ ചരിത്രഗതിയില് നിര്ണായകസ്വാധീനം ചെലുത്തുവാന് കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളില് ഒരാളാണ് കെ.ആര്. ഗൗരിയമ്മയെന്നും ജോസഫൈന് അനുസ്മരിച്ചു