കോഴിക്കോട് > വിമര്ശനത്തില് പ്രതിഷേധിച്ച് ബിജെപി ജില്ലാ നേതൃയോഗത്തില്നിന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന് ഇറങ്ങിപ്പോയി. ജില്ലാ ഭാരവാഹികള് കൂട്ടത്തോടെ വിമര്ശനമുന്നയിച്ചതോടെയാണ് കേന്ദ്രമന്ത്രി ഓണ്ലൈന് യോഗത്തില് നിന്ന് ‘ലെഫ്റ്റടി’ച്ചത്. ചൊവ്വാഴ്ച പകലായിരുന്നു യോഗം. ബിജെപി സംസ്ഥാന നേതൃത്വം പരാജയമെന്നും കേന്ദ്രമന്ത്രിയെക്കൊണ്ട് പാര്ടിക്ക് ഗുണമില്ലെന്നും യോഗത്തില് ആരോപണമുണ്ടായി.
കൊയിലാണ്ടി മണ്ഡലം ഭാരവാഹി ഉന്നയിച്ച വിമര്ശനമാണ് മന്ത്രിയെ കൂടുതല് ചൊടിപ്പിച്ചത്. ഇതോടെ മുരളീധരന് ക്ഷുഭിതനായി യോഗത്തില് സംസാരിക്കാതെ ഇറങ്ങിപ്പോകുകയായിരുന്നു. ജില്ലയില് നിയമസഭാ തെരഞ്ഞെടുപ്പില് ബിജെപിക്ക് കനത്ത പരാജയമേറ്റിരുന്നു. ഒമ്പത് മണ്ഡലങ്ങളില് വോട്ട് കുറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മുരളീധരനുമാണ് തോല്വിയുടെ ഉത്തരവാദികളെന്നാണ് കോഴിക്കോട് ജില്ലയിലെ ഭൂരിഭാഗം ഭാരവാഹികളുടെയും വിലയിരുത്തല്.