ആലപ്പുഴ> കേരളത്തിന്റെ വിപ്ലവനക്ഷത്രം കെ ആര് ഗൗരിയമ്മയ്ക്ക് രാഷ്ട്രീയ കേരളം വിടചൊല്ലി. രക്തസാക്ഷികള് അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടില് ഔദ്യോഗിക ബഹുമതികളോടെ ഗൗരിയമ്മയെ സംസ്കാരിച്ചു. വാര്ധക്യസഹജമായ രോഗങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്ന ഗൗരിയമ്മ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 102 വയസായിരുന്നു .
ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേര്പെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോമുഖതയും ചേര്ന്ന ജീവിതമായി ഗൗരിയമ്മയുടേത്.1957ല് ഇഎംഎസിന്റെ നേതൃത്വത്തില് അധികാരത്തില് വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില് അംഗമായിരുന്നു. 1957, 1960 കേരള നിയമസഭകളില് ചേര്ത്തലയില് നിന്നും 1965 മുതല് 1977 വരെയും 1980 മുതല് 2006 വരെയും അരൂരില് നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
വലിയ ചുടുകാട്
അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് കെ ആര് ഗൗരിയമ്മ കമ്യുണിസ്റ്റ് പാര്ടിയില് ചേരുന്നത്. മികച്ച വാഗ്മിയും സംഘാടകയുമായ അവര്ക്ക് അംഗത്വം നല്കിയതാകട്ടെ പി കൃഷ്ണപിള്ള. ഇ എം എസ്, എ കെ ജി, നായനാര്, വി എസ് തുടങ്ങിയ നേതാക്കള്ക്കൊപ്പം പാര്ടി കെട്ടിപ്പടുക്കുന്നതില് ഗൗരിയമ്മയും വലിയ പങ്കുവഹിച്ചു.1957ല് ഇഎംഎസിന്റെ നേതൃത്വത്തില് കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയപ്പോള് റവന്യൂ വകുപ്പ് ഏല്പിച്ചു. കേരള ചരിത്രത്തില് സുവര്ണ ലിപികളില് രേഖപ്പെടുത്തിയ ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിന് ചുക്കാന് പിടിക്കാനുള്ള നിയോഗവും അവര്ക്കായി.
ആദ്യ മന്ത്രിസഭയില് അംഗമായ ഗൗരിയമ്മ സത്യപ്രതിജ്ഞചെയ്ത് മന്ത്രിക്കസേരയില് ഇരുന്നപ്പോഴുണ്ടായ അനുഭവം എഴുതി: ”57 ഏപ്രില് അഞ്ചിന് ഞങ്ങള് അധികാരമേറ്റു. അതൊരു ലോക സംഭവമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ പത്താം കൊല്ലം അധികാരമേറ്റ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എന്തെന്ത് പ്രശ്നങ്ങളായിരുന്നു?. ഭരണ പരിചയമില്ലാത്ത എനിക്ക് ആദ്യമൊക്കെ ഫയല് നോക്കാന് അറിയില്ല.സാങ്കേതികത്വത്തെക്കാള്, അതില് നരകിക്കുന്ന മനുഷ്യരുടെ ദുരിതമാണല്ലോ പ്രധാനം. ആ ദുരിതവും വേദനയും കഷ്ടപ്പാടും എന്തെന്നറിയുകയും പരിഹാരം തേടാനുള്ള തീവ്രസമരത്തില് പങ്കെടുക്കുകയും ചെയ്ത എനിക്ക്, പിന്നെ ഫയല് പഠിക്കാന് പ്രയാസം തോന്നിയില്ല. അപ്പോഴും കൃഷിക്കാരുടെ പ്രശ്നങ്ങള് ഒരു വിചാരമായി, വികാരമായി അലട്ടി. കര്ഷകസംഘം നേതാക്കളായ ഇ ഗോപാലകൃഷ്ണമേനോന്, പന്തളം പി ആര് മാധവന്പിള്ള, സി എച്ച് കണാരന് എന്നിവരുമായും പാര്ടി നേതൃത്വവുമായും ചര്ച്ചചെയ്തു. ഡിപ്പാര്ട്മെന്റുമായി ആലോചിച്ചു. അതിന്റെയൊക്കെ ഫലമായി ഒരാശയം രൂപംപൂണ്ടു. അത് വാക്കുകളായി, വകുപ്പുകളായി, നിയമരേഖയായി സമ്പൂര്ണമാക്കിയപ്പോഴേക്കും ഏപ്രില് പത്ത്. 11ന് ഓര്ഡിനന്സ്. കാര്ഷിക പരിഷ്കരണ നിയമങ്ങള്ക്ക്തറക്കല്ലിട്ടത് അന്നാണ്. രാജവാഴ്ചക്കും ജന്മിത്വത്തിനും ഏല്പിച്ച പ്രഹരമായിരുന്നു ഒഴിപ്പിക്കല് നിരോധന ഓര്ഡിനന്സ്. എന്റെ ജീവിതത്തിലെ അനുസ്മരണീയ ദിനം”.
1967, 80, 87 വര്ഷങ്ങളിലെ മന്ത്രിസഭകളിലും ഗൗരിയമ്മ അംഗമായി. മന്ത്രിയെന്ന നിലയില് പ്രവര്ത്തനം ഏറെ ശ്ലാഘിക്കപ്പെട്ടു. ആദ്യകാല പാര്ടി പ്രവര്ത്തകരില് മുന്നിരയിലുണ്ടായ അവര് 1994ല് സിപിഐഎമ്മില്നിന്ന് പുറത്തായി. തുടര്ന്ന് ജെ എസ് എസ് രൂപീകരിച്ച യുഡിഎഫില് ചേര്ന്നു. അവസാനം യുഡിഎഫുമായി സ്വരചേര്ച്ചയില്ലാതായി. ആ മുന്നണി വിട്ടു.
തലമുറകള്ക്ക് വഴിവിളക്കായി
പാര്ശ്വവല്ക്കരിക്കപ്പെട്ടവര്ക്കായി തന്നാലാവുന്നതെല്ലാം ചെയ്ത ധീരയായ വനിതാ നേതാവായിരുന്നു. സ്ത്രീ ഇന്നും ചൂഷണവിധേയയും അരക്ഷിതയുമാണെന്ന് നിരീക്ഷിച്ചു. ഗൗരിയമ്മ തലമുറകള്ക്ക് വഴിവിളക്കായി. എന്നും സാധാരണക്കാരോടൊപ്പം നിന്നു.
11ാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തെരെഞ്ഞെടുക്കപ്പെട്ടയാള് എന്ന റെക്കോര്ഡ് ഗൗരിയമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം, ഏറ്റവും കൂടുതല് കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ പല റെക്കോര്ഡുകള് വേറെയുമുണ്ട്. ഗൗരിയമ്മയുടെ ആത്മകഥ 2010-ല് ആത്മകഥ- കെ ആര് ഗൗരിയമ്മ എന്ന പേരില് പുറത്തിറക്കി. ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
രണ്ടാം ഇഎംഎസ് മന്ത്രിസഭയില് റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയം എന്നീ വകുപ്പുകളുടെ ചുമതലയിലിരിക്കെ ഭൂപരിഷ്കരണ ബില് നടപ്പാക്കി. 3.5 ദശലക്ഷം കുടിയേറ്റക്കാരും 5,00,000 കുടികിടപ്പുക്കാരും ഭൂമിയുടെ ഉടമസ്ഥരായി. ഇ കെ നായനാരുടെ നേതൃത്വത്തില് രൂപീകരിച്ച് ആദ്യ മന്ത്രിസഭയില് കൃഷി, സാമൂഹിക ക്ഷേമം വകുപ്പുകള് കൈകാര്യം ചെയ്തു.
ചേര്ത്തല താലൂക്കിലെ അന്ധകാരനഴി എന്ന ഗ്രാമത്തില് കളത്തിപ്പറമ്പില് കെ എ രാമന്, പാര്വ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നാണ് ഗൗരിയമ്മ ജനിച്ചതു്. തിരൂര്, ചേര്ത്തല എന്നിവിടങ്ങളിലെ സ്കൂള് വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജില് നിന്നും ബിഎ ബിരുദവും തുടര്ന്ന് എറണാകുളം ലോ കോളേജില് നിന്നു് നിയമബിരുദവും കരസ്ഥമാക്കി.
1957-ലെ മന്ത്രിസഭയില് തൊഴില്മന്ത്രിയായിരുന്ന ടി വി തോമസിനെ വിവാഹം ചെയ്തു. 1964ല് കമ്മ്യൂണിസ്റ്റ് പാര്ട്ടി പിളര്ന്നപ്പോള് തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഐ എമ്മിലും ഉറച്ചുനിന്നു.
അവസാന കാലഘട്ടത്തില് ഗൗരിയമ്മ സിപിഐ എമ്മുമായും എല്ഡിഎഫുമായും ഏറെ അടുപ്പം പുലര്ത്തി. വനിതാമതിലിലും ഗൗരിയമ്മ പങ്കാളിയായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില് ജെഎസ്എസ് എല്ഡിഎഫ് വിജയത്തിനായി പ്രവര്ത്തിക്കുമെന്നും ഗൗരിയമ്മ പ്രഖ്യാപിച്ചു.