പഞ്ചായത്തിൽ സിഎഫ്എൽടിസി ആരംഭിച്ചിട്ടില്ലെന്നും കിറ്റക്സ് സാബുവിന്റെ ഉത്തരവുണ്ടെങ്കിൽ മാത്രമേ പഞ്ചായത്തിൽ എന്തെങ്കിലും തീരുമാനം നടപ്പിലാകൂ എന്നും സാമൂഹിക പ്രവർത്തക ധന്യ രാമൻ പറഞ്ഞു. വിഷയത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ പഞ്ചായത്തിൽ കൂട്ട മരണം സംഭവിക്കുമെന്നും അവർ വ്യക്തമാക്കി. രണ്ടാം ലോക്ക് ഡൗണിനു മുമ്പ് കുടുംബത്തോടൊപ്പം അമേരിക്കയ്ക്ക് പോയെന്നും ധന്യ ആരോപിച്ചു.
കിഴക്കമ്പലം മലയിടംതുരുത്ത് ഒന്നാം വാർഡിൽ മാന്താട്ടിൽ എംഎൻ ശരി (സാബു-38) ആണ് മരണപ്പെട്ടത്. തൊഴുത്തിൽ കഴിയുന്നതിനിടെ ന്യുമോണിയ ബാധിച്ചായിരുന്നു മരണം. മേഖലയിലെ രാഷ്ട്രീയ പ്രവർത്തകർ ഇടപെട്ട് അദ്ദേഹത്തെ അമൃത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ വാർഡിലെ ആശാവർക്കർ പഞ്ചായത്ത് പ്രസിഡന്റാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയ ഇവർക്കെതിരെ കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത കൊവിഡ് അവലോകന യോഗത്തിൽ ട്വന്റി-ട്വന്റി ഭരിക്കുന്ന പശ്ചായത്തുകൾ വിട്ടു നിന്നിരുന്നു. മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിളിച്ചു ചേർത്ത യോഗമാണ് ട്വന്റി-ട്വന്റി ബഹിഷ്കരിച്ചത്. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മുഴുവന്നൂർ പഞ്ചായത്തുകളാണ് യോഗം ബഹിഷ്കരിച്ചത്. മുഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിൽ വലിയ വീഴ്ച സംഭവിച്ചുവെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ജനപ്രതിനിധികളുടെ യോഗത്തിൽ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് മണ്ഡലത്തിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ പങ്കെടുപ്പിച്ച് ഓൺലൈൻ മീറ്റിങ് സംഘടിപ്പിച്ചത്, കേരളാ കൗമുദി റിപ്പോർട്ട് ചെയ്തു.