ബുറൈദ > ഏഴു വര്ഷത്തോളം നീണ്ട ദുരിത ജീവിത്തിന് വിടചൊല്ലി രാജന് കുമാരന് നാട്ടിലേക്ക് മടങ്ങി. താമസ രേഖകളോ ജോലിയോ ഇല്ലാതെ ജീവിതം വഴിമുട്ടിയ രാജന് സഹായഹസ്തമായത് അല് ഖസീം ഖസീം പ്രവാസി സംഘം പ്രവര്ത്തകരാണ്.
കൊല്ലം, കരുനാഗപ്പള്ളി സ്വദേശിയായ രാജന് മതിയായ താമസരേഖകളോ ജോലിയോ ഇല്ലാതെ വര്ഷങ്ങത്തോളമായി ദുരിതത്തില് കഴിയുകയായിരുന്നു. അല് ഖസീമിലെ ബുഖൈരിയയിലായിരുന്നു താമസം. റിയാദിനടുത്ത് നിര്മാണ മേഖലയിലായിരുന്നു ജോലി. പാസ്പോര്ട്ട് കാലാവധി തീര്ന്നതോടെയാണ് ദുരിതം ആരംഭിക്കുന്നത്. പാസ്പോര്ട്ട് പുതുക്കാനായി സ്പോണ്സറെ ഏല്പ്പിച്ച ശേഷം തിരിച്ചുനല്കിയില്ല. അതിനിടെ ഇക്കാമ കാലാവധിയും തീര്ന്നു. സ്പോണ്സറെ ബന്ധപ്പെട്ടപ്പോള് വിദൂരസ്ഥലങ്ങളില് എവിടെയെങ്കിലും പോയി ജോലിചെയ്യാനുള്ള നിര്ദ്ദേശമാണ് ലഭിച്ചതെന്ന് രാജന് പറഞ്ഞു. രണ്ട് വര്ഷമായി താമസരേഖകളോ ജോലിയോ ഇല്ല. ചിലപ്പോഴൊക്കെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച രാജന് സുഹൃത്തുക്കള് നല്കുന്ന ഭക്ഷണമായിരുന്നു ഏക ആശ്വാസം.
വിവരമറിഞ്ഞ് ഖസീം പ്രവാസി സംഘം ബുകേരിയ യൂനിറ്റ് പ്രവര്ത്തകര് രാജനെ സന്ദര്ശിച്ച് വിവരങ്ങള് കേന്ദ്ര ജീവകാരുണ്യ സെല് വഴി ഇന്ത്യന് എംബസിയെ അറിയിച്ചു. മൂന്ന് മാസത്തെ പ്രയത്നത്തിനൊടുവില് ഇദ്ദേഹത്തിന്റെ യാത്രാരേഖകള് ജീവകാരുണ്യ സെല് സംഘടിപ്പിച്ചു. ഇവ സെല് പ്രവര്ത്തകരായ സാജിദ് ചെങ്കളം, അന്ഷാദ് മനയില്, നൈസാം തൂലിക എന്നിവര് ചേര്ന്ന് കൈമാറി. ചൊവ്വാഴ്ച അദ്ദേഹം നാട്ടിലേക്ക് മടങ്ങി. ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കണ്വീനര് നൈസാം തൂലികയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള് പൂര്ത്തീകരിച്ചത്. ഇതിനുവേണ്ടി സഹകരിച്ച സൗദി ഉദ്യോഗസ്ഥര്, ഇന്ത്യന് എംബസ്സി, സാമൂഹ്യ പ്രവര്ത്തകന് ഹരിലാല് എന്നിവര്ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായി അദ്ദേഹം അറിയിച്ചു.















