ചിറ്റാർ > പുതുവത്സരമാഘോഷിക്കാൻ കക്കാട്ടാറിന്റെ ഓളപ്പരപ്പിൽ സഞ്ചാരികൾ കുട്ടവഞ്ചി സവാരിക്കായി ഒഴുകിയെത്തുന്നു. കിഴക്കൻ മേഖല ടൂറിസം രംഗത്ത് അതീവ ശ്രദ്ധ നേടുന്ന സാഹചര്യത്തിലാണ് ഗവിയുടെ കവാടമായ ആങ്ങമൂഴി–-കൊച്ചാണ്ടി ചെക്ക് പോസ്റ്റിന് സമീപത്തായി കക്കാട്ടാറിന്റെ ഓളപ്പരപ്പിൽ സഞ്ചാരികൾക്ക് കുട്ടവഞ്ചി സവാരി ഒരുക്കിയിരിക്കുന്നത്.
വേനലിൽ കക്കാട്ടാറിൽ നീരൊഴുക്ക് കുറവാണങ്കിലും കടവിൽ തടയണ നിർമിച്ച് വെള്ളം നിർത്തിയാണ് കുട്ടവഞ്ചി സവാരി മുടക്കമില്ലാതെ മുന്നേറുന്നത്. വേനലിന്റെ തുടക്കത്തിൽ കക്കാട്ടാറിന്റെ പല ഭാഗങ്ങളിലും നീരൊഴുക്കു കുറഞ്ഞിരുന്നു. ഇതു മുന്നിൽ കണ്ടാണ് തടയണ നിർമിച്ചത്. മൂഴിയാർ ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ വൈദ്യുതോൽപാദത്തിന് ശേഷം പുറംതള്ളുന്ന വെള്ളമാണ് കക്കാട്ടാറ്റിലൂടെ ഒഴുകി വരുന്നത് .
15 കുട്ടവഞ്ചികളിലാണ് പരിശീലനം നേടിയ തദ്ദേശീയരായ 16 പേർ തുഴപിടിക്കുന്നത്. മുള കൊണ്ടുള്ള ചങ്ങാടവും സഞ്ചാരികളെ ആകർഷിക്കുന്നു.15 കുട്ടവഞ്ചിക്കും ഓരോ നദിയുടെ പേരാണ് ഇട്ടിരിക്കുന്നത്. മുള കൊണ്ടുള്ള കവാടവും ഇരിപ്പിടവും വിശ്രമമുറിയും ലഘുഭക്ഷണശാലയും ഇതിനായി ഒരുക്കിയിട്ടുണ്ട്. അന്യസംസ്ഥാനത്ത് നിന്നുപോലും ദിവസേന നിരവധി സഞ്ചാരികളാണ് ഗവി സന്ദർശിക്കാനായി എത്തുന്നത്. ഗവിയിൽ എത്തുന്നവർ കക്കാട്ടാറിലെ ഓളപ്പരപ്പിൽ കാനനഭംഗി ആസ്വദിച്ച് കുട്ട വഞ്ചി സവാരി നടത്തിയാണ് ഗവിയിലേക്ക് യാത്ര തുടരുന്നത് .
ഒരു കുട്ടവഞ്ചിയിൽ ഒരേ സമയം നാലുപേർക്ക് സഞ്ചരിക്കാം. 400 രൂപയാണ് നിരക്ക്. മുളകൊണ്ട് നിർമിച്ച ചങ്ങാടത്തിൽ ആറുപേർക്ക് ഒരേ സമയം സഞ്ചരിക്കാം. ഇതിന് 600 രൂപയാണ് നിരക്ക്. കുട്ടികൾക്കുള്ള ചെറിയ പാർക്കും ലഘുഭക്ഷണശാലയും ക്രമീകരിച്ചുണ്ട്. ഗവിയിലേക്ക് സഞ്ചാരികൾ പ്രവേശിക്കുന്ന കിളിയെറിഞ്ഞാംകല്ല് ചെക്ക് പോസ്റ്റിന് സമീപം പ്രവർത്തിക്കുന്ന സവാരി കേന്ദ്രത്തിന്റെ പ്രവർത്തന സമയം രാവിലെ ആറ് മുതൽ വൈകിട്ട് 5.30 വരെയാണ്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സവാരിക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സീതത്തോട് പഞ്ചായത്തിന്റെ കീഴിൽ ആരംഭിച്ച പദ്ധതിയുടെ മേൽനോട്ടം സീതത്തോട് ഗവി ജനകീയ ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റിക്കാണ്. ഗവിയിലേക്ക് ആങ്ങമൂഴിയിൽ നിന്നും 65 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ.