തിരുവനന്തപുരം
കോവിഡ് രണ്ടാം തരംഗം സമ്പദ്രംഗത്ത് ഏറ്റവും ദോഷകരമാവുക ഗ്രാമീണമേഖലയിലെന്ന് പഠന റിപ്പോർട്ട്. രാജ്യത്തെ ആകെയുള്ള പോസിറ്റീവ് നിരക്കിന്റെ പകുതിയിലധികവും ഗ്രാമങ്ങളിലാണ്. ഏറ്റവും കൂടുതലുള്ള 15 ഗ്രാമീണ ജില്ലയിൽ രണ്ടെണ്ണം കേരളത്തിലുണ്ട്. ഗ്രാമീണ ഉൽപ്പാദന, തൊഴിൽമേഖലയിലെ ആഘാതം കുറയ്ക്കാൻ വാക്സിനേഷൻ വേഗത്തിലാക്കലാണ് പരിഹാരമെന്നും എസ്ബിഐ സാമ്പത്തിക ഗവേഷണവിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് പ്രതിദിന വാക്സിനേഷൻ 28 ലക്ഷത്തിൽനിന്ന് 17 ലക്ഷമായത് വലിയ തിരിച്ചടിയായി. രോഗതീവ്രത കൂടുന്ന ഘട്ടത്തിൽ വാക്സിനേഷൻ പരമാവധിയിലെത്തിക്കണമായിരുന്നു. മാത്രമല്ല, രണ്ടു ഡോസെടുത്തവർ ആകെ വാക്സിനേഷന്റെ 20 ശതമാനത്തിൽപോലുമെത്തിയിട്ടില്ല.
20 സംസ്ഥാനമെങ്കിലും നിശ്ചലാവസ്ഥയിലാണ്. കേരളമടക്കം പല സംസ്ഥാനങ്ങളിലും അടച്ചുപൂട്ടൽ വളരെവേഗം വിപണിയെ ബാധിക്കും. എസ്ബിഐയുടെ ബിസിനസ് 2020 ആഗസ്തിലെ (71.7) നിരക്കിലേക്ക് താഴ്ന്നു. 2021–-22ൽ ജിഡിപി 11 ശതമാനമാകുമെന്ന് കണക്കാക്കിയത് 10.4 ശതമാനമായി കുറയ്ക്കേണ്ടിവന്നു.
ഒന്നാംതരംഗത്തിലെ ആഘാതത്തിൽനിന്ന് സാമ്പത്തികവർഷം കരകയറാനാകുമെന്ന പ്രതീക്ഷ നഷ്ടപ്പെടുകയാണ്. വാക്സിനേഷൻ പ്രതീക്ഷിച്ച വേഗത്തിലെത്തിയാലേ ഗ്രാമീണമേഖലയെ കരകയറ്റാനാകൂ. വാക്സിനേഷൻ പ്രതിദിനം 55 ലക്ഷത്തിലേക്ക് ഉയർന്നാൽ ഒക്ടോബറോടെ ജനസംഖ്യയുടെ 15 ശതമാനത്തിന് നൽകാനാകും. അതിലൂടെയേ സാമൂഹ്യ രോഗപ്രതിരോധശേഷി ആർജിക്കാനാകൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലെ മലയോര–-ഗ്രാമീണ പ്രദേശങ്ങളിൽ ക്ഷീര, വിനോദസഞ്ചാര മേഖലയിലെ ഉൽപ്പാദന, തൊഴിൽ നഷ്ടങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ക്ഷീരകർഷകരുടെ കുടുംബങ്ങളിൽ രോഗബാധയുണ്ടാകുന്നതോടെ പാൽ കറന്ന് കളയുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഗൈഡുകളായ സ്ത്രീകളടക്കമുള്ളവരുടെ തൊഴിലിനെയും രണ്ടാം തരംഗം ബാധിച്ചു. ഏത് ഉൾപ്രദേശത്തായാലും കേരള സർക്കാർ ഭക്ഷണവും ചികിത്സയും ഉറപ്പുവരുത്തുന്നുവെന്നതുമാത്രമാണ് ആശ്വാസമെന്ന് ഇവർ പറയുന്നു. ജീവൻ നിലനിർത്താനുള്ള നടപടി ഉറപ്പാക്കി, വാക്സിനേഷൻ വേഗത്തിലാക്കണമെന്ന് എസ്ബിഐ ഗവേഷണവിഭാഗം ചൂണ്ടിക്കാണിക്കുന്നു.