അമേരിക്കൻ സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറു പട്ടണമാണ് വിറ്റിയർ. ഈ നഗരത്തിലെ എല്ലാവരും ഒരു കെട്ടിടത്തിലാണ് താമസിക്കുന്നത് എന്നതാണ് രസകരമായ വസ്തുത. ബെഗിച് ടവർ എന്ന് പേരുള്ള 14 നില കെട്ടിടത്തിലാണ് വിറ്റിയർ നിവാസികൾ താമസിക്കുന്നത്. മുൻപ് സായുധസേനാ ബാരക്കായിരുന്ന ബെഗിച് ടവറിൽ തന്നെ എല്ലാ തരത്തിലുള്ള കടകളും, ഒരു പോലീസ് സ്റ്റേഷൻ, ഒരു ആശുപത്രി, ഒരു പള്ളി എന്നിവ പ്രവർത്തിക്കുന്നുണ്ട്.
318 പേരാണ് വിറ്റിയർ പട്ടണത്തിലുള്ളത്. ഇവരെല്ലാം ബെഗിച് ടവറിൽ താമസിക്കുന്നതിന് ഒരു കാരണവുമുണ്ട്. അതിശൈത്യം അനുഭവപ്പെടുന്ന ഇടമാണ് വിറ്റിയർ. ഓരോ വീടുകൾക്കും പ്രത്യേകം ഹീറ്ററുകൾ പ്രവർത്തിപ്പിക്കാനുള്ള സാമ്പത്തീക ശേഷി ഇവിടെ പലർക്കുമില്ല. ഇതാണ് ഒരു കെട്ടിടത്തിൽ എല്ലാവരും താമസിക്കുന്നതിന് കാരണം.
അതെ സമയം ടിക് ടോക് ഉപഭോക്താവും വിറ്റിയർ നിവാസിയുമായ ജെനെസ്സാ കൂടുതൽ വിവരങ്ങൾ ഈ നഗരത്തെപ്പറ്റി വിവരിക്കുന്നുണ്ട്. തങ്ങൾ താമസിക്കുന്ന ബെഗിച് ടവറിന്റെ കീഴെ തൊട്ടടുത്ത് പ്രവർത്തിക്കുന്ന സ്കൂൾ കെട്ടിടത്തിലേക്ക് തുരങ്കമുണ്ട് എന്ന് ജെനെസ്സാ വ്യക്തമാക്കുന്നു. ഏഴ് വർഷമായി വിറ്റിയറിൽ താമസിക്കുന്ന ജെനെസ്സാ നഗരത്തിന്റെ ചരിത്രവും ടിക് ടോക് വിഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് വളർന്നുവന്ന നഗരമാണ് വിറ്റിയർ. സൈനീക താവളമായിരുന്ന വിറ്റിയറിൽ യുദ്ധത്തിന് ശേഷം ജനങ്ങൾ പാർക്കാൻ തുടങ്ങി. 1964-ൽ ഭൂകമ്പം ഉണ്ടാകുന്നതുവരെ ധാരാളം പേർ വിറ്റിയറിൽ താമസിച്ചിരുന്നു. എന്നാൽ ഭൂകമ്പം കനത്ത നാശനഷ്ടം വിതച്ചതോടെ പലരും വിറ്റിയർ പട്ടണത്തിൽ നിന്നും മറ്റ് നഗരങ്ങളിലേക്ക് കുടിയേറി. ഇതോടെയാണ് സാമ്പത്തീകമായി ഞെരുക്കത്തിലായ വിറ്റിയർ നിവാസികൾ ബെഗിച് ടവറിലേക്ക് താമസം മാറ്റി ചിലവ് കുറച്ചതത്രെ.