ചവറ
കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കാനായി പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല് തയ്യാറാക്കിയ ആശുപത്രി ആരോഗ്യവകുപ്പിന് കൈമാറി. ഓക്സിജൻ സൗകര്യങ്ങളോടെ കമ്പനിക്ക് സമീപത്തെ ചവറ ഗവ. ഹയര്സെക്കൻഡറി സ്കൂളിലാണ് ആശുപത്രി ഒരുങ്ങിയത്. ആദ്യഘട്ടത്തിൽ 100 കിടക്കയാണുള്ളത്. 1370 കിടക്കയാണ് ഒരുക്കുക. സ്കൂളിലും പിന്നീട് ബോയ്സ് സ്കൂൾ ഗ്രൗണ്ടിലും കെഎംഎംഎൽ റിക്രിയേഷൻ ക്ലബ്ബിലുമായി 800 വീതം കിടക്കയുള്ള താൽക്കാലിക ചികിത്സാകേന്ദ്രവും ഒരുക്കും. ഇതിന്റെ പ്രവൃത്തിയും പുരോഗമിക്കുന്നു.
കമ്പനിയിലെ ഓക്സിജന് പ്ലാന്റില്നിന്ന് പൈപ്പ്ലൈന് വഴി നേരിട്ടാണ് കോവിഡ് ആശുപത്രിയിലേക്കുള്ള ഓക്സിജന് ലഭ്യമാക്കുന്നത്. 700 മീറ്ററാണ് ഓക്സിജന് പ്ലാന്റും സ്കൂളും തമ്മിലുള്ള ദൂരം. സിഡ്കോയില് നിന്ന് 100 കട്ടിലും കയര്ഫെഡില്നിന്ന് കിടക്കയും ആശുപത്രിക്കായി കെഎംഎംഎല് വാങ്ങി. ബയോ ടോയ്ലെറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കെഎംഎംഎൽ ചെയർമാനും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. കെ ഇളങ്കോവൻ തിങ്കളാഴ്ച ആശുപത്രി സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. കലക്ടർ ബി അബ്ദുൾ നാസർ, കെഎംഎംഎൽ എംഡി ജെ ചന്ദ്രബോസ്, കമ്പനി ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം സ്വീകരിച്ച് സമയബന്ധിതമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഡോ. കെ ഇളങ്കോവൻ നിർദേശം നൽകി. രോഗവ്യാപന സാഹചര്യം മുൻനിർത്തി ക്രമീകരണം നടത്തണം. കുറ്റമറ്റ നിലയിലാണ് ആശുപത്രി ഒരുക്കുന്നതെന്ന് കലക്ടർ വ്യക്തമാക്കി.