ന്യോൺ
ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനൽ വേദി മാറ്റാൻ നീക്കം. തുർക്കിയിലെ ഇസ്താംബുളിൽനിന്ന് ഇംഗ്ലണ്ടിലെ വെംബ്ലിയിലേക്ക് മാറ്റാനാണ് പദ്ധതി. 29ന് മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിലാണ് കലാശപ്പോരാട്ടം.
കോവിഡിനെ തുടർന്ന് ഇംഗ്ലണ്ടിൽനിന്ന് തുർക്കിയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതാണ് വേദി മാറ്റാനുള്ള നീക്കങ്ങൾക്കുപിന്നിൽ. ഇംഗ്ലീഷ് ടീമുകളാണ് ഫൈനൽ കളിക്കുന്നത് എന്നതിനാൽ ഇംഗ്ലണ്ടിൽനിന്ന് നിലവിൽ ആരാധകർക്ക് മത്സരം കാണാൻ പോകാനാകില്ല. ഫൈനലിൽ പകുതിയോളം കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാൻ നേരത്തേ യുവേഫ തീരുമാനിച്ചിരുന്നു.
പുതിയ പ്രതിസന്ധി ഉടലെടുത്തതോടെയാണ് ഇംഗ്ലണ്ടിലെതന്നെ വെംബ്ലി സ്റ്റേഡിയത്തിൽ കളി നടത്താൻ ഒരുങ്ങുന്നത്. യുവേഫയും ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളും കൂടിയാലോചന നടത്തിക്കഴിഞ്ഞു.