തിരുവനന്തപുരം
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ എന്നിവരെ വ്യാജ തെളിവുണ്ടാക്കി പ്രതിചേർക്കാൻ ശ്രമിച്ച കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അന്വേഷിക്കാൻ ജുഡീഷ്യൽ കമീഷന് നിർദേശം നൽകി സർക്കാർ വിജ്ഞാപനമിറക്കി.
വിശദമായ പരിഗണനാ വിഷയം ഉൾപ്പെടുത്തി കഴിഞ്ഞ ദിവസമാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി വിജ്ഞാപനമിറക്കിയത്. റിട്ട. ഹൈക്കോടതി ജസ്റ്റീസ് വി കെ മോഹനനെ ജുഡീഷ്യൽ അന്വേഷണ കമീഷനായി സർക്കാർ നിയോഗിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനാലാണ് വിജ്ഞാപനം വൈകിയത്. ആറു മാസമാണ് കാലാവധി.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ മൊഴി നൽകാൻ കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇഡി) ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി സ്വപ്നയെ നിർബന്ധിച്ചുവെന്ന് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പൊലീസുകാരും മൊഴി നൽകി. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദമുള്ളതായി വ്യക്തമാക്കി പൂജപ്പുര ജയിലിൽ കഴിയുന്ന മറ്റൊരു പ്രതി സന്ദീപ് നായർ എറണാകുളം സെഷൻസ് ജഡ്ജിക്ക് കത്തുമയച്ചു.
ഇതേത്തുടർന്നാണ് സർക്കാർ ജുഡീഷ്യൽ അന്വേഷണ കമീഷനെ നിയോഗിച്ചത്.
പരിഗണനാ വിഷയം
● ഒരു ഓൺലൈൻ മാധ്യമം വഴിയും പിന്നീട് ദൃശ്യ, അച്ചടി, സോഷ്യൽ മാധ്യമങ്ങൾ വഴിയും പുറത്തു വന്ന പ്രതി സ്വപ്നയുടെ ശബ്ദരേഖയിലെ വസ്തുത.
● സന്ദീപ് നായർ മാർച്ച് അഞ്ചിന് ജയിലിൽനിന്ന് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേട്ടിന് എഴുതിയ കത്തിലേക്ക് നയിച്ച വസ്തുതയും സാഹചര്യവും.
● സംസ്ഥാന രാഷ്ട്രീയ നേതാക്കളെ ഏതെങ്കിലും തരത്തിൽ ഗുരുതരമായ കുറ്റകൃത്യത്തിൽ തെറ്റായി പ്രതി ചേർക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യം.
● ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് നടത്തിയവരെ കണ്ടെത്തുക.
● ഇതുമായി ബന്ധപ്പെട്ടതോ ആകസ്മികമോ ആയതും കമീഷന് ഉചിതവും ശരിയാണെന്നും തോന്നുന്നതുമായ കാര്യങ്ങൾ.