ടൂറിൻ
കിരീടം കൈവിട്ടതിനുപിന്നാലെ ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ യുവന്റസിന് തിരിച്ചടി തുടരുന്നു. എസി മിലാനോട് മൂന്ന് ഗോളിന് കീഴടങ്ങി. തോൽവിയോടെ പട്ടികയിൽ അഞ്ചാമതായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീം. മൂന്ന് കളിയാണ് ബാക്കിയുള്ളത്. ഇതിൽ ചാമ്പ്യൻമാരായ ഇന്റർ മിലാനാണ് ഒരു എതിരാളി. ശേഷിക്കുന്ന കളികളിൽ ജയം പിടിച്ചില്ലെങ്കിൽ ആദ്യ നാലിൽനിന്ന് യുവന്റസ് പുറത്താകും. അങ്ങനെയാണെങ്കിൽ അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയും
ടീം ഉണ്ടാകില്ല. യൂറോപ ലീഗ് കളിക്കും.
ഈ പതിറ്റാണ്ടിലെ ഏറ്റവും മോശം പ്രകടനത്തിലാണ് ആന്ദ്രേ പിർലോ പരിശീലിപ്പിക്കുന്ന യുവന്റസ്. റൊണാൾഡോ ഉൾപ്പെടെയുള്ള വമ്പൻ താരങ്ങൾ ഉണ്ടായിട്ടും മുന്നേറിയില്ല. ചാമ്പ്യൻസ് ലീഗിലും മങ്ങി. മിലാനെതിരെ സ്വന്തംതട്ടകത്തിലായിരുന്നു കനത്ത തോൽവി. ബ്രഹിം ഡയസ്, ആൻടെ റെബിച്ച്, ഫികായോ ടോമോരി എന്നിവാരണ് മിലാന്റെ ഗോളുകൾ കുറിച്ചത്.
എതിർവല ലക്ഷ്യമാക്കി ഒറ്റത്തവണമാത്രമാണ് റൊണാൾഡേയും പൗലോ ഡിബാലെയും അണിനിരന്ന യുവന്റസ് മുന്നേറ്റം പന്ത് തൊടുത്തത്. എല്ലാവരും പൂർണമായും മങ്ങി.