കുറച്ച് യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ആനയുടെ വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്തെ സംസാര വിഷയം. ഗന്നു പ്രേം എന്ന ട്വിറ്റർ അക്കൗണ്ടിൽ ആണ് 30 സെക്കന്റ് ദൈർഖ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു യുവാവ് പ്ലാസ്റ്റിക് പന്തെറിയുന്നതും ആന തുമ്പികൈയിൽ പിടിച്ചിരിക്കുന്ന മരക്കഷണം കൊണ്ട് പന്ത് എറിയുന്നതും അടിച്ചു പറത്തുന്നതും കാണാം. യുവാക്കൾ സംസാരിക്കുന്നത് മലയാളം ആണ്. എങ്കിലും കേരളത്തിൽ എവിടെ നിന്നുള്ള വീഡിയോ ആണിതെന്ന് വ്യക്തമായി വരുന്നതേയുള്ളൂ. “പല അന്താരാഷ്ട്ര കളിക്കാരെക്കാളും മികച്ചവനാണ് ഇവൻ” എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് ഇതിനകം 6 ലക്ഷത്തിലധികം വ്യൂസ് നേടാനായിട്ടുണ്ട്.
വീഡിയോയ്ക്ക് കീഴെ പ്രതികരണം അറിയിക്കുന്നവരിൽ ഏറെപ്പേരും ആനയുടെ ബാറ്റിംഗ് വൈഭവത്തെ പ്രകീർത്തിക്കുന്നുണ്ട്. അതേ സമയം ആനകൾ സ്വാഭാവികമായി ഇത്തരം കാര്യങ്ങൾ ചെയ്യില്ലെന്നും ഇത് ദു:ഖകരമാണെന്നും ആസ്വാദ്യാരമല്ല എന്നും ഒരാൾ പ്രതികരണം അറിയിച്ചു. ഈ അവസ്ഥയിൽ മൃഗങ്ങളുടെ ബുദ്ധിമുട്ട് ആളുകൾക്ക് മനസ്സിലാകിലെന്ന് മറ്റൊരാൾ കുറിച്ചു.
അടുത്തിടെ മറ്റൊരു ആനയുടെ വിഡിയോയും ശ്രദ്ധ നേടിയിരുന്നു. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ഒരു കൂട്ടം കാട്ടാനകൾ കയറി വാഴക്കൃഷി നടത്തുന്ന പറമ്പ് നശിപ്പിച്ചിരിക്കുന്നതാണ് വിഡിയോയിൽ. പറമ്പിലെ ഏറെക്കുറെ എല്ലാ വാഴകളും കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചു. അതെ സമയം കൂട്ടത്തിൽ ഒരു വാഴ മാത്രം കാട്ടാനക്കൂട്ടം വെറുതെ വിട്ടു. കാട്ടാനക്കൂട്ടം പിൻ വാങ്ങിയതിന് ശേഷം അവിടെയെത്തിയ നാട്ടുകാരാണ് ഒരു വാഴ മാത്രം നശിക്കാതെ നിൽക്കുന്നത് കണ്ട് പരിശോധിച്ചത്. കുലച്ചു നിൽക്കുന്ന പഴക്കുലയുടെ ഇടയിൽ ഒരു കിളിക്കൂട് നാട്ടുകാർ കണ്ടെത്തി. അതിൽ 3 കിളി കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ആനകൾ കിളിക്കൂട് കണ്ടാണോ ആ വാഴ മാത്രം വെറുതെ വിട്ടത് എന്നാണ് ഇപ്പോൾ നാട്ടിലെ ചൂടുള്ള ചർച്ച വിഷയം.