ലണ്ടന്
കോവിഡ് മഹാമാരിക്കിടെ ആദ്യമായി ജി7 രാജ്യങ്ങളിലെ വിദേശമന്ത്രിമാര് നേര്ക്കുനേര് കൂടിക്കാഴ്ച നടത്തി. രണ്ടുവര്ഷത്തിനിടെ ആദ്യമായാണ് ബ്രിട്ടൻ, അമേരിക്ക, ക്യാനഡ, ഫ്രാന്സ്, ജര്മനി, ഇറ്റലി, ജപ്പാന് പ്രതിനിധികള് നേരിട്ടുപങ്കെടുക്കുന്ന ചര്ച്ച നടക്കുന്നത്.
മ്യാന്മറിലെ ഭരണഅട്ടിമറി, എത്യോപ്യയിലെ പ്രതിസന്ധി, അഫ്ഗാനില്നിന്നുള്ള അമേരിക്കന് സേനയുടെ പിന്മാറ്റം എന്നിവയാണ് രണ്ടുദിവസത്തെ കൂടിക്കാഴ്ചയില് ചര്ച്ചയാവുക. റഷ്യ, ചൈന, ഇറാന് എന്നീ രാജ്യങ്ങളുടെ സമീപകാല നടപടികള് ചര്ച്ച ചെയ്യണമെന്ന് ആതിഥേയരാഷ്ട്രമായ ബ്രിട്ടൻ ആവശ്യപ്പെട്ടു. ജി7 രാഷ്ട്രങ്ങള് സംഭരിച്ചുവച്ചിരിക്കുന്ന കോവിഡ് വാക്സിന് അടിയന്തരഘട്ടത്തിലുള്ള മറ്റ് രാഷ്ട്രങ്ങള്ക്ക് ലഭ്യമാക്കണമെന്ന ആവശ്യവും ചര്ച്ചയാകും.
ഉച്ചകോടിയുടെ ഭാഗമായ മറ്റ് കൂടിക്കാഴ്ചകളില് പങ്കെടുക്കാന് ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണകൊറിയ, ദക്ഷിണാഫ്രിക്ക പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്.