കിളിമഞ്ചാരോ യാത്ര – മൂന്നാം ഭാഗം
യാത്രയുടെ രണ്ടാം ദിവസം എന്നെ ഉണര്ത്തിയത് ‘റഫീക്കീ, റഫീക്കീ’ (സ്വാഹിലിയില് സുഹൃത്ത്) എന്ന വിളിയാണ്. കണ്ണുതിരുമി, കൂടാരത്തിന്റെ പുറത്തിറങ്ങി നോക്കിയപ്പോള് സെയ്ദിയാണ്. കയ്യില് ഒരു ബേസിനില് ചൂട് വെള്ളമുണ്ട്. അതുകൊണ്ട്, ചെറിയ തോതില് ഒന്ന് മേലുകഴുകാം എന്ന പദ്ധതി അണിഞ്ഞിരുന്ന ജാക്കറ്റ് അഴിച്ചപ്പോഴേ ഉപേക്ഷിച്ചു. കടുത്ത തണുപ്പ്. ഞാന് ജാക്കറ്റ് അഴിച്ച സമയംകൊണ്ട് ബേസിനിലെ വെള്ളം തണുത്തിരുന്നു. ഈ മലയിറങ്ങുന്നതുവരെ ഇനി കുളി എന്നൊരു പരിപാടി ഇല്ല. വിയര്ത്തു നാറും. പക്ഷേ, കൂടെയുള്ളവരെല്ലാം നാറുമല്ലോ എന്നോര്ക്കുമ്പോള് ഒരാശ്വാസം.
‘പാലസ്’ എന്ന് ഓമനപ്പേരുള്ള താത്കാലിക കക്കൂസിലേയ്ക്ക് ആഡംബരപൂര്ണമായ ഒരു സന്ദര്ശനം കഴിഞ്ഞ് എത്തിയപ്പോഴേയ്ക്ക് ഞങ്ങളുടെ ഡൈനിങ് റൂം ആയി ഉപയോഗിക്കുന്ന വലിയ കൂടാരത്തില് കടുപ്പത്തിലുള്ള കട്ടന് കാപ്പിയും പ്രാതലും തയാര്. എല്ലാം കഴിഞ്ഞ് വീണ്ടും നടപ്പ് തുടങ്ങി.
രണ്ടാം ദിവസത്തെ ലക്ഷ്യസ്ഥാനം സമുദ്ര നിരപ്പില്നിന്ന് 3840 മീറ്റര് അകലെയുള്ള ‘ഷീര ക്യാംപ്’ ആണ്. ആദ്യ ദിവസത്തെ അപേക്ഷിച്ച് ദൂരവും കയറ്റവും കുറവാണ്. പക്ഷേ, ആദ്യദിവസം നിബിഢ വനത്തിലൂടെ ആയിരുന്നു യാത്ര എങ്കില് രണ്ടാം ദിവസം മരുഭൂമി പോലെ തോന്നിക്കുന്ന പ്രദേശമാണ്. പാതയോരത്ത് ചില കുറ്റിച്ചെടികള് മാത്രമേ ഉള്ളൂ. ആദ്യ ദിവസം ചൂട് കാലാവസ്ഥയിലാണ് തുടങ്ങിയതെങ്കില് രണ്ടാം ദിവസം തണുപ്പ് കൂടി വരുന്നു. ആദ്യ ദിവസത്തെ വേഷമായ ഷോര്ട്സും ടി-ഷര്ട്ടും ഉപേക്ഷിച്ച് നീളന് പാന്റും ടി-ഷര്ട്ടിന് പുറമെ ജാക്കറ്റും ധരിച്ച് തുടങ്ങി. ഓരോ ദിവസവും കടന്നുപോകുന്നതനുസരിച്ച് ധരിക്കുന്ന ലെയറുകളുടെ എണ്ണം കൂടും.
കിളിമഞ്ചാരോയില് അഞ്ച് വ്യത്യസ്തങ്ങളായ കാലാവസ്ഥാ സോണുകള് ഉണ്ടെന്നാണ് പറയുന്നത്. ഏറ്റവും താഴെ കൃഷിയിടങ്ങളും നിബിഢവനവും. പിന്നെ കുറ്റിച്ചെടികള് നിറഞ്ഞ ‘മൂര് ലാന്ഡ്’. അതുകഴിഞ്ഞ് ജീവന്റെ സൂചനകള് അധികമില്ലാത്ത ‘ആല്പൈന് മരുഭൂമി’. അവസാനം ഏറ്റവും മുകളില് സ്ഥിരമായി ഉറഞ്ഞ് കിടക്കുന്ന മഞ്ഞുമല.
രണ്ടാം ദിവസം തീരുമ്പോഴേയ്ക്ക് ഞങ്ങളുടെ കൊച്ച് യാത്രാസംഘം കളിതമാശകളും പാട്ടുകളും ഒക്കെയായി പരസ്പരം സൗഹൃദങ്ങള് സ്ഥാപിച്ചിരുന്നു.
ഒന്നും രണ്ടും ദിവസങ്ങളില് നടന്ന് തളര്ന്നപ്പോള് ഞാന് കാത്തിരുന്നത് മൂന്നാം ദിവസമാണ്. 3840 മീറ്റര് ഉയരമുള്ള ‘ഷീറ ക്യാംപില്’നിന്ന് 3950 മീറ്റര് ഉയരത്തിലുള്ള ‘ബരാങ്കോ’ ക്യാംപിലേക്കാണ് അന്നത്തെ യാത്ര. വെറും നൂറ്റിപ്പത്ത് മീറ്റര് കയറ്റം. നടന്ന് തളര്ന്ന എന്റെ കാലുകള്ക്ക് ഒരു വിശ്രമം ആവശ്യമാണ്.
പക്ഷേ, പ്രതീക്ഷകളെ തകിടം മറിച്ച ദിവസമായിരുന്നു മൂന്നാം ദിവസം.
കൂടാരത്തിന് പുറത്തിറങ്ങി രണ്ട് ചുവട് വച്ചപ്പോഴേ അണച്ച് തുടങ്ങി. അന്തരീക്ഷത്തിലെ ഓക്സിജന് കുറവ് നന്നായി അനുഭവപ്പെടുന്നുണ്ട്. മാത്രമല്ല, അന്നത്തെ കയറ്റം നൂറ്റിപ്പത്ത് മീറ്ററല്ല, എണ്ണൂറ് മീറ്ററാണ്. 4630 മീറ്റര് ഉയരമുള്ള ‘ലാവാ ടവര്’ എന്ന പ്രദേശത്തേയ്ക്ക് നടന്നു കയറും. ഓക്സിജന് കുറവുള്ള അന്തരീക്ഷവുമായി പൊരുത്തപ്പെടാന് അവിടെ കുറച്ച് സമയം ചിലവഴിക്കും. പിന്നെ, കുത്തനെ ഇറക്കം ഇറങ്ങി ബരാങ്കോ ക്യാംപില് രാത്രി ചിലവഴിക്കും.
ഏന്തി വലിഞ്ഞ് ലാവാ ടവറില് എത്തിയപ്പോഴേയ്ക്ക് ഉച്ച തിരിഞ്ഞ് മൂന്നു മണിയോളം ആയിരുന്നു. പണ്ടെന്നോ കിളിമഞ്ചാരോ അഗ്നിപര്വതം പൊട്ടിത്തെറിച്ചപ്പോള് അതില്നിന്ന് പുറത്തുവന്ന ലാവ തൊണ്ണൂറ് മീറ്റര് പൊക്കത്തില് ഒരു ഗോപുരം പോലെ ഉറഞ്ഞ് നില്ക്കുന്ന സ്ഥലമാണ് ലാവാ ടവര്. ലാവാ ടവറിലേക്കുള്ള യാത്രയിലാണ് ഞങ്ങളുടെ ലക്ഷ്യസ്ഥനമായ ഉഹുരു കൊടുമുടി ആദ്യമായി കാണാന് സാധിച്ചത്. വെള്ളപുതച്ച് കിടക്കുന്ന, ഞങ്ങളെ വെല്ലുവിളിച്ച് തലയുയര്ത്തി നില്ക്കുന്ന കൊടുമുടി. ആ യാത്രയിലാണ് അതുവരെ തലയ്ക്ക് മുകളില് കണ്ടിരുന്ന മേഘങ്ങള് കാല്ച്ചുവട്ടില് ആയതും. ഞങ്ങള് നടക്കുന്ന വീതി കുറഞ്ഞ പാത കഴിഞ്ഞാല് താഴേയ്ക്ക് വലിയ ഗര്ത്തമാണ്. ആ ഗര്ത്തം നിറയെ വെള്ള മേഘങ്ങള്!
ലാവാ ടവറിന് താഴെ നിന്ന് നോക്കിയാല് ചുറ്റും അനേകം പര്വതങ്ങള് കാണാം. കിളിമഞ്ചാരോയുടെ കുഞ്ഞനിയനായ ‘മേരു’ ആണ് അവയില് പ്രധാനി. കിളിമഞ്ചാരോയുടെ നിഴല് മേരുവില് പതിക്കുന്നതും രസകരമായ ഒരു കാഴ്ചയാണ്. ഈ കാഴ്ചകളൊക്കെ കണ്ട് ആസ്വദിച്ച് പതുക്കെയാണ് ഞങ്ങളുടെ ഡൈനിങ് റൂമായ വലിയ കൂടാരത്തില് എത്തിയത്. അവിടെ ചായയും ലഘുഭക്ഷണവും ഉണ്ട്.
കൂടാരത്തില് കയറിയ ഞാന് കണ്ടത് ഒരു ബെഞ്ചില് വെട്ടിയിട്ട തടി പോലെ കിടക്കുന്ന ഗ്രേസിനെയാണ്. എഴുനേല്പ്പിക്കാന് ഇന്നസെന്റും സംഘത്തിലെ മറ്റംഗങ്ങളും ശ്രമിക്കുന്നുണ്ട്. ഇതുവരെ യാതൊരു ക്ഷീണവും കാണിക്കാതിരുന്ന ആളാണ്. ലാവാ ടവറിലേക്കുള്ള നടത്തത്തിനിടെ എപ്പോഴോ ഒരു തലവേദന തുടങ്ങിയിരുന്നു. ഇപ്പോള് അത് തലചുറ്റലായി. കൂടെ കടുത്ത ശ്വാസതടസവും. ‘അക്യൂട്ട് മൗണ്ടന് സിക്ക്നെസ്സിന്റെ’ തുടക്കമാണ്.
ശാരീരികക്ഷമത കൂടുതല് ഉള്ളവരെയാണ് ഈ പ്രശ്നം കൂടുതലായി ബാധിക്കുന്നത് എന്ന് എവിടെയോ വായിച്ചത് ഞാന് ഓര്ത്തു. ശാരീരികക്ഷമത കുറവുള്ള എന്നെപ്പോലുള്ളവര് പതുക്കെയേ നടക്കൂ. അപ്പോള് ഓക്സിജന് കുറവിനോട് പൊരുത്തപ്പെടാന് ശരീരത്തിന് സമയമുണ്ട്. പക്ഷേ, മാരത്തോണ് ഓട്ടക്കാരിയായ ഗ്രേസിനെപ്പോലുള്ളവര് അതിവേഗം മല കയറും. അതാണ് വില്ലനാകുന്നത്.
അക്യൂട്ട് മൗണ്ടന് സിക്നെസ് ഗുരുതരമാകാം. മരണം വരെ സംഭവിക്കാം എന്നാണ് പലയിടത്തും വായിച്ചത്. അത് ഒഴിവാക്കാനുള്ള വഴി എത്രയും വേഗം ഓക്സിജന് കൂടുതലുള്ള, ഉയരം കുറഞ്ഞ ഇടത്തേയ്ക്ക് ഇറങ്ങുക എന്നതാണ്. ഗ്രേസിനെ നിര്ബന്ധിച്ച് എഴുനേല്പ്പിച്ച് ഒരു പോര്ട്ടര് അവളെയും കൊണ്ട് കുറഞ്ഞ ഉയരത്തിലുള്ള ബരാങ്കോ ക്യാംപിലേക്ക് ഇറങ്ങിത്തുടങ്ങി. ഞങ്ങള് ബാക്കിയുള്ളവര് ലാവാ ടവറില് തന്നെ കുറേനേരം കൂടി ചിലവഴിച്ചിട്ടാണ് ക്യാംപിലേക്ക് ഇറങ്ങിയത്. ഓസ്കിജന് കുറവ് ഞങ്ങളെയും അത്ര ഗുരുതരമായി അല്ലെങ്കിലും ബാധിച്ചിരുന്നു.
ബരാങ്കോ ക്യാംപിലെ ഉറക്കം കഴിഞ്ഞ് നാലാം ദിവസം 4200 മീറ്റര് ഉയരത്തിലുള്ള ‘കരങ്ക’ ക്യാംപിലേയ്ക്ക്. അതുവരെ കണ്ടതില് വച്ച് വഴി ഏറ്റവും ദുര്ഘടമായിരുന്നത് ആ ദിവസമാണ്. ‘ബരാങ്കോ വാള്’ എന്ന് പേരുള്ള ഒരു ഭിത്തി പോലെ കുത്തനെ നില്ക്കുന്ന പാറക്കെട്ട് അള്ളിപ്പിടിച്ച് കയറണം. പലയിടത്തും ഒരു പാറയില്നിന്ന് അടുത്തതിലേക്ക് ചെറിയ ഒരു ചാട്ടം ആവശ്യമാണ്. ചാട്ടം പിഴച്ചാല് നേരെ ഗര്ത്തത്തിലേക്ക്. പലയിടത്തും സെയ്ദി എനിക്ക് കൈ തന്ന് സഹായിച്ചു. എങ്ങാനും ഞാന് വീണാല് എന്റെ പകുതി ഭാരം തോന്നിക്കുന്ന സെയ്ദിയെക്കൂടി കൂടെ കൊണ്ടുപോകുമല്ലോ എന്ന ചിന്ത മനസില്നിന്നകറ്റാന് ഞാന് ഏറെ പാടുപെട്ടു.
കരങ്ക ക്യാംപില് നിന്ന് അഞ്ചാം ദിവസം അതിരാവിലെ 4600 മീറ്റര് ഉയരത്തിലുള്ള ‘ബരഫു’ ക്യാംപിലേയ്ക്ക്. അതൊരു ചെറിയ നടപ്പാണ്. ഉച്ചയൂണിന് സമയമായപ്പോഴേക്ക് ഞങ്ങള് ക്യാംപില് എത്തി.
ബരഫു ആണ് കൊടുമുടിക്ക് മുന്പ് അവസാന ക്യാംപ്. ഞങ്ങള് ക്യാംപിലേക്ക് കയറുമ്പോള് തലേന്ന് കൊടുമുടി കയറാന് പോയവര് തിരിച്ച് വരുന്നുണ്ട്. കൊടുമുടി എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് അവരില് മിക്കവരും കൊടുമുടി കയറാന് പറ്റിയില്ല എന്ന മറുപടിയാണ് തന്നത്. നൂറ് കിലോമീറ്ററിന് മുകളില് വേഗത്തില് അടിക്കുന്ന കാറ്റ് മൂലം കൊടുമുടിയിലേക്കുള്ള കയറ്റം അസാദ്ധ്യമായിരുന്നത്രെ. ഇത്രദൂരം വന്നിട്ട് കൊടുമുടി കയറാന് പറ്റാതെ തിരിച്ച് പോകേണ്ടിവരുമോ എന്ന ആശങ്ക ഞങ്ങളുടെ സംഘത്തില് പരന്നു. അതിനിടയിലും ചിരിച്ചുകൊണ്ട് ഇന്നസെന്റ് ഞങ്ങളെ ഓര്മിപ്പിച്ചു ‘ഹക്കൂന മറ്റാട്ടാ’.
കൊടുമുടിയിലേക്കുള്ള കയറ്റം തുടങ്ങുന്നത് പാതിരാത്രിയോടടുത്താണ്. അതിരാവിലെ മുകളില്നിന്ന് സൂര്യോദയം കാണാനാണ് പദ്ധതി. അതുകൊണ്ട്, ഊണ് കഴിഞ്ഞാല് പോയി കഴിയുന്നത്ര ഉറങ്ങാന് ഇന്നസെന്റ് ഞങ്ങളെ നിര്ദേശിച്ചു.
ഊണ് കഴിഞ്ഞ് ഞാന് ഉറങ്ങാന് ഒരു വിഫല ശ്രമം നടത്തി. സമുദ്രനിരപ്പില് നിന്ന് മുപ്പത് മീറ്ററോ മറ്റോ ഉയരത്തില് കിടക്കുന്ന ജനീവ ശീലിച്ചതുകൊണ്ടോ, മുന്നിലുള്ള സാഹസം ഓര്ത്തിട്ടോ, 4600 മീറ്റര് ഉയരത്തിലെ ആ കൂടാരത്തില് എനിക്ക് ഉറങ്ങാന് കഴിഞ്ഞില്ല. എണീറ്റ് ഡൈനിങ് കൂടാരത്തില് ചെന്നപ്പോള് അഞ്ജലി ഒഴികെ എല്ലാവരും അവിടെയുണ്ട്. ചീട്ടുകളിയാണ്. അവര് എന്നെ പോക്കറും ഞാന് അവരെ കഴുതകളിയും പഠിപ്പിച്ചു. ഞങ്ങളുടെ സംസാരം കാരണം ഉറങ്ങാന് പറ്റുന്നില്ലെന്ന പരാതിയുമായി അഞ്ജലി വന്ന് അന്ഷുമാനോട് വഴക്ക് തുടങ്ങുന്നതുവരെ കളി തുടര്ന്നു.
കഴുതകളിക്കിടയിലാണ് ഷൂ എന്ന അന്ഷുമാനെക്കുറിച്ച് കൂടുതല് അറിഞ്ഞത്. പറയുന്നത് പലതും കേട്ടാല് ആളൊരു അരക്കിറുക്കനാണെന്ന് തോന്നും. പ്രൈവസിയെക്കുറിച്ച് അതീവ ആശങ്കാകുലനായതുകൊണ്ട് സ്വന്തം ഫോണ് നമ്പര് പോലും ആര്ക്കും കൊടുക്കില്ല. ഇമെയില് ഐഡി മാത്രമേ തരൂ. ടെക്ക് രംഗത്ത് എന്തോ ജോലിയാണ് ചെയ്യുന്നത്. കൂടെ ഒരു കാര്യം കൂടി പറഞ്ഞു – ‘ക്രിപ്റ്റോകറന്സി’ എന്ന് പേരുള്ള എന്തോ ഒരു സാധനത്തില് അവന് കുറെയേറെ കാശ് നിക്ഷേപിച്ചിട്ടുണ്ടത്രേ. അതിന് വിലകൂടുമെന്ന് അവന് ഉറപ്പാണ്. ഇത് കേട്ടപ്പോള് അവന് പ്രാന്താണ് എന്ന് പറഞ്ഞ് ചിരിച്ച് തള്ളി. ഇല്ലായിരുന്നെങ്കില് ഒരു പക്ഷേ ഞാനിന്ന് എന്റെ സ്വന്തം ദ്വീപില് ഇരുന്ന് ഇത് എഴുതിയേനെ.
(തുടരും)