-മുംബൈ > ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കുകാരണം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ പുറത്തിരുന്ന രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഹനുമ വിഹാരി എന്നിവർ ഇരുപതംഗ സംഘത്തിൽ തിരിച്ചെത്തി.
ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും സ്പിന്നർ കുൽദീപ് യാദവും പേസർ നവ്ദീപ് സെയ്നിയും പുറത്തായി. ജൂൺ 18ന് ഇംഗ്ലണ്ടിലെ റോസ് ബൗൾ സ്റ്റേഡിയത്തിലാണ് ഇന്ത്യ–-ന്യൂസിലൻഡ് ഫൈനൽ. ഇതിനുപിന്നാലെ നടക്കുന്ന ഇംഗ്ലണ്ടുമായുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കും ഇതേ ടീം ഇന്ത്യക്കായി കളിക്കും. ആഗസ്ത് നാലിനാണ് ആദ്യ ടെസ്റ്റ്.
വിരാട് കോഹ്ലിയുടെ സംഘത്തിൽ പ്രതീക്ഷിക്കപ്പെട്ട പൃഥ്വി ഷാ ഇടംകണ്ടെത്തിയില്ല. ഉദരസംബന്ധമായ രോഗം ബാധിച്ച ലോകേഷ് രാഹുലും, കോവിഡ് പോസിറ്റീവായ വൃദ്ധിമാൻ സാഹയും ശാരീരികക്ഷമത തെളിയിക്കണം. അഭിമന്യൂ ഈശ്വരൻ, പ്രസീദ് കൃഷ്ണ, ആവേഷ് ഖാൻ, അർസാൻ നാഗ്വസാല്ല എന്നിവർ കരുതൽ കളിക്കാരായി ടീമിനൊപ്പം ചേരും. ജൂൺ രണ്ടിന് സംഘം ഇംഗ്ലണ്ടിലേക്ക് തിരിക്കും.
ഇന്ത്യൻ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), രോഹിത് ശർമ, മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രിത് ബുമ്ര, ഇശാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൾ താക്കൂർ, ഉമേഷ് യാദവ്, ലോകേഷ് രാഹുൽ, വൃദ്ധിമാൻ സാഹ.