മാഡ്രിഡ്
യൂറോപ്യൻ സൂപ്പർ ലീഗ് ഉപേക്ഷിക്കാൻ കടുത്ത ഭീഷണികളെന്ന് റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് ടീമുകൾ. 12 ക്ലബ്ബുകൾ ചേർന്ന് രൂപംകൊടുത്ത സൂപ്പർ ലീഗിൽനിന്ന് ഒമ്പതു ടീമുകൾ പിന്മാറിയിരുന്നു. റയലും ബാഴ്സയും യുവന്റസും മാത്രമാണ് അവശേഷിക്കുന്ന ക്ലബ്ബുകൾ.
‘സൂപ്പർ ലീഗ് പദ്ധതി നിർത്തിവയ്ക്കാൻ യുവേഫയുടെ നേതൃത്വത്തിൽ ശക്തമായ സമ്മർദങ്ങളാണ്. വലിയ ഭീഷണിയും. ഇത് ശരിയല്ല. നിയമവിരുദ്ധമാണ്’–- മൂന്നു ക്ലബ്ബുകളും സംയുക്തപ്രസ്താവനയിൽ അറിയിച്ചു. ലീഗിന്റെ രൂപത്തിലും ക്രമത്തിലും മാറ്റംവരുത്തുമെന്നും എല്ലാർക്കും ഉതകുന്നതരത്തിൽ ഇതിനെ മാറ്റുമെന്നും ഒരിക്കലും ഉപേക്ഷിക്കില്ലെന്നും സ്ഥാപക ടീമുകൾ വ്യക്തമാക്കി.
ഏപ്രിൽ 18നാണ് യൂറോപ്പിലെ വമ്പൻ ടീമുകൾ ചേർന്ന് ചാമ്പ്യൻസ് ലീഗിന് ബദലായി സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. എന്നാൽ, ആരാധകപ്രതിഷേധത്താലും ഫിഫയുടെയും യുവേഫയുടെയും താക്കീതുകൾക്കും മുമ്പിൽ ഭയന്ന് ഒമ്പതു ടീമുകൾ 48 മണിക്കൂറുകൾക്കകം പിന്മാറി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, അഴ്സണൽ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം ഹോട്സ്പർ എന്നീ ടീമുകളും ഇറ്റലിയിലെ മിലാൻ ടീമുകളും സ്പെയ്നിലെ അത്ലറ്റികോ മാഡ്രിഡുമാണ് പിന്മാറിയത്. എന്നാൽ, റയലും ബാഴ്സയും യുവന്റസും ഉറച്ചുനിന്നു.
കോവിഡ് കാരണമുണ്ടായ കടുത്ത സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് സൂപ്പർ ലീഗെന്ന് ക്ലബ്ബുകൾ ആവർത്തിച്ചു. ലീഗ് നടത്തിപ്പിനായി നിയമപരമായി നീങ്ങാനും സംഘാടകർക്ക് ഉദ്ദേശ്യമുണ്ട്.