റോം > യൂറോപ ലീഗ് ഫുട്ബോൾ കിരീടത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡും വിയ്യാറയലും ഏറ്റുമുട്ടും. 26ന് പോളണ്ടിലെ ഗഡാൻസ്കിലാണ് ഫൈനൽ. സെമിയിൽ യുണൈറ്റഡ് റോമയെ തകർത്തപ്പോൾ വിയ്യാറയൽ കരുത്തരായ അഴ്സണലിനെ വീഴ്ത്തി.
അഞ്ച് വർഷത്തെ കിരീടവരൾച്ചയ്ക്ക് അന്ത്യംകുറിക്കാനാണ് യുണൈറ്റഡ് എത്തുന്നത്. അവസാനമായി അവർ ഒരു കിരീടം തൊട്ടത് 2017ലാണ്. ഹൊസെ മൊറീന്യോയ്ക്കുകീഴിൽ യൂറോപ ലീഗ് നേടി. നിലവിലെ പരിശീലകൻ ഒലേ ഗുണ്ണാർ സോൾചെയറിനുകീഴിൽ ആദ്യ ഫൈനലാണ് യുണൈറ്റഡിന് ഇത്. ഇതിനുമുമ്പ് നാല് സെമികളിൽ സോൾചെയറിന് തോൽവിയായിരുന്നു. റോമയ്ക്കെതിരെ രണ്ടാംപാദത്തിൽ 3–-2ന് തോറ്റെങ്കിലും ഇരുപാദങ്ങളിലുമായി 8–-5ന് യുണൈറ്റഡ് കടന്നു. ആദ്യപാദത്തിലെ 6–-2ന്റെ വമ്പൻ ജയം തുണച്ചു.
സ്വന്തംതട്ടകത്തിൽ റോമയായിരുന്നു യുണൈറ്റഡിനെതിരെ കരുത്തുകാട്ടിയത്. എഡിൻസൺ കവാനിയിലൂടെ യുണൈറ്റഡ് മുന്നിലെത്തിയെങ്കിലും എഡിൻ സീക്കോയും ബ്രയാൻ ക്രിസ്റ്റ്യാന്റെയും മറുപടി നൽകി. കവാനി രണ്ടാംഗോളടിച്ച് ഒപ്പമെത്തിച്ചെങ്കിലും അലെക്സ് ടെല്ലെസിന്റെ പിഴവുഗോളിൽ റോമ ജയം ആഘോഷിച്ചു.
അഴ്സണലിനെതിരെ ആദ്യപാദത്തിലെ 2–-1ന്റെ ജയത്തിന്റെ ബലത്തിലാണ് വിയ്യാറയൽ മുന്നേറിയത്. അഴ്സണലിന്റെ തട്ടകത്തിൽ നടന്ന രണ്ടാംപാദം ഗോളില്ലാക്കളിയായി. അഴ്സണൽ പുറത്താക്കിയ ഉനായ് എമെറിയാണ് വിയ്യാറയലിന്റെ പരിശീലകൻ. ഇത് അഞ്ചാം ഫൈനലാണ് എമെറിക്ക്. ഇതാദ്യമായാണ് വിയ്യാറയൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കുന്നത്.
പ്രീമിയർ ലീഗിൽ ഒമ്പതാംസ്ഥാനത്തുള്ള അഴ്സണലിന് അടുത്ത സീസൺ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനാകില്ല. 25 വർഷങ്ങൾക്കുശേഷമാണ് അവരില്ലാതെ ചാമ്പ്യൻസ് ലീഗോ, യൂറോപ ലീഗോ നടക്കുക.