ന്യൂഡൽഹി
കോവിഡ് വാക്സിനുകൾക്ക് ചുമത്തുന്ന അഞ്ച് ശതമാനം ജിഎസ്ടിയും മരുന്നുകൾക്കും ഓക്സിജൻ കോൺസന്റേറ്ററുകൾക്കും ചുമത്തുന്ന 12 ശതമാനം ജിഎസ്ടിയും വില പിടിച്ചുനിർത്താൻ അനിവാര്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിക്ക് അയച്ച കത്തിനോടുള്ള പ്രതികരണമായാണ് ധനമന്ത്രിയുടെ വിശദീകരണം. ജിഎസ്ടി ഒഴിവാക്കിയാൽ വാക്സിൻ നിർമാതാക്കൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അവകാശപ്പെടാനാകില്ലെന്നും ഈ തുക കൂടി ഉപയോക്താക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നും ധനമന്ത്രി ട്വിറ്ററിൽ പറഞ്ഞു.
നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾക്കും സേവനങ്ങൾക്കും നൽകുന്ന നികുതി പിന്നീട് ക്ലെയിം ചെയ്യുന്നതാണ് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്. ജിഎസ്ടി പൂർണമായി ഒഴിവാക്കിയാൽ നിർമാതാക്കൾക്ക് ഈ നേട്ടം നഷ്ടമാകുമെന്നാണ് ധനമന്ത്രിയുടെ വാദം. കോവിഡ് മരുന്നുകളെയും അനുബന്ധ വസ്തുക്കളെയും ഇറക്കുമതി തീരുവയിൽനിന്നും ഐജിഎസ്ടിയിൽനിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.