വാഷിങ്ടണ്
കോവിഡ് വാക്സിന് ലോകത്തെല്ലായിടത്തും സുഗമമായി ലഭ്യമാകാന് പകര്പ്പവകാശങ്ങളില് ഇളവ് വരുത്താന് സന്നദ്ധത പ്രകടിപ്പിച്ച് അമേരിക്ക. ഔഷധനിര്മാണരംഗത്തെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണ നിയമങ്ങളില് താല്ക്കാലിക ഇളവനുവദിക്കാന് ലോകവ്യാപാര സംഘടനയ്ക്കുമേല് സമ്മര്ദം ശക്തമായതിനു പിന്നാലെയാണ് അമേരിക്കയുടെ നാടകീയ പ്രഖ്യാപനം.
ജീവന്രക്ഷാമരുന്നുകള് ലോകത്തെല്ലായിടത്തും ഉൽപ്പാദിപ്പിക്കാനും എല്ലാവര്ക്കും ലഭ്യമാക്കാനും ലക്ഷ്യമിട്ട് പകര്പ്പവകാശങ്ങളില് താല്ക്കാലിക ഇളവ് അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായി ലോകവ്യാപര സംഘടനയിലെ അമേരിക്കയുടെ പ്രതിനിധി കാതറിന് തൈ വെളിപ്പെടുത്തി. ഇക്കാര്യത്തില് ആഗോളതലത്തില് അഭിപ്രായ സമന്വയത്തിലെത്താന് സമയം വേണ്ടിവരുമെന്നും പകര്പ്പവകാശം ഒഴിവാക്കുന്നതിന്റെ ഗുണം ഉടന് ഔഷധമേഖലയില് പ്രതിഫലിക്കില്ലെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില് ചര്ച്ചയ്ക്ക് തയ്യാറാണ് എന്ന നിലപാടാണ് യൂറോപ്യന് യൂണിയന് സ്വീകരിച്ചത്. മറ്റ് സമ്പന്ന രാഷ്ട്രങ്ങള് നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ലോകത്തിന്റെ എല്ലാഭാഗത്തും വാക്സിന് എത്തേണ്ടതുണ്ടെന്ന കാര്യത്തില് ഏകാഭിപ്രായത്തിലെത്തി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒക്ടോബറില് ഉന്നയിച്ച ആവിശ്യമാണ് ജീവകാരുണ്യരംഗത്തെ ആഗോള സംഘടനകളുടെകൂടി പിന്തുണയോടെ സജീവ ചര്ച്ചാവിഷയമായി മാറിയത്.
ഔഷധമേഖലയിലെ വിവിധ പകര്പ്പവകാശങ്ങൾ തല്ക്കാലത്തേക്ക് റദ്ദാക്കന്നതിലൂടെ ഈ സാങ്കേതികവിദ്യകള് വികസ്വരരാഷ്ട്രങ്ങളിലെ ഏത് കമ്പനിക്കും ഉപയോഗിക്കാനാകും. കൂടുതല് വാക്സിനും മരുന്നും ഉൽപ്പാദിപ്പിക്കപ്പെടാന് ഇത് വഴിവയ്ക്കും. എന്നാല്, വാക്സിന് ഉല്പ്പാദനം സങ്കീര്ണ പ്രക്രിയയാണെന്നും നിയമത്തില് ഇളവ് നല്കിയാല്മാത്രം എല്ലാവര്ക്കും വാക്സിന് ഉല്പ്പാദിപ്പിക്കാനാകില്ലെന്നുമാണ് കുത്തക ഔഷധക്കമ്പനികളുടെ വാദം.
ചരിത്രപരമായ തീരുമാനം: ലോകാരോഗ്യസംഘടന
ഔഷധനിര്മാണരംഗത്തെ പകര്പ്പവകാശം തല്ക്കാലികമായി പില്വലിക്കാമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ലോകാരോഗ്യ സംഘടന. “ചരിത്രപരമായ തീരുമാനമാണ് ഇത്. വാക്സിന് തുല്യതയിലേക്കുള്ള വലിയ ചുവട്, നിര്ണായകമായ ഘട്ടത്തില് ലോകത്തെവിടെയുമുള്ള മനുഷ്യരുടെ നല്ലതിനുവേണ്ടിയുള്ള തീരുമാനം ഉണ്ടായി’. -ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അധാനം ഗെബ്രിയേസസ് ട്വിറ്ററില് കുറിച്ചു. ലോകം ആരോഗ്യവെല്ലുവിളി നേരിടുമ്പോള് ബൈഡന് ശക്തമായ മാതൃകയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പകര്പ്പവകാശ ഇളവിനുവേണ്ടി മാസങ്ങളായി ലോകാരോഗ്യ സംഘടന രംഗത്തുണ്ട്. ട്രംപ് ഭരണത്തിനു കീഴില് ലോകാരോഗ്യ സംഘടനയും അമേരിക്കയും തമ്മിലുള്ള ബന്ധം സുഗമമായിരുന്നില്ല. സമ്പന്ന രാഷ്ട്രങ്ങള് വക്സിന് കുത്തകസംഭരണം നടത്തുന്നതിനെയും ദരിദ്രരാഷ്ട്രങ്ങള്ക്ക് അവ അന്യമാക്കുന്നതിനെയും അധാനം ശക്തമായി വിമര്ശിച്ചിരുന്നു.