വരവൂർ സ്വദേശിനിയായ അൻപത്തിയാറുകാരിയുടെ മൃതദേഹമാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പള്ളിയിൽ വെച്ച് കുളിപ്പിച്ചത്. മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ട ഇവരുടെ മൃതദേഹം പ്രത്യേകം പാക്ക് ചെയ്ത ശേഷം ഇന്ന് രാവിലെ സംസ്കാരത്തിനായി വിട്ടുനൽകി. ആശുപത്രിയിൽ നിന്നും വരവൂരിലേക്ക് കൊണ്ടുന്നതിന് പകരം തൃശൂരിലെ പള്ളിയിൽ കയറ്റി മതപരമായ ചടങ്ങുകൾക്ക് ബോഡി ബാഗ് തുറക്കുകയായിരുന്നു, മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.
വിവരമറിഞ്ഞ ആരോഗ്യ പ്രവർത്തകർ ആദ്യം സ്ഥലത്തെത്തി. പിന്നാലെ ജില്ലാകളക്ടർ ഷാനവാസും പോലീസും സ്ഥലത്തെത്തുകയും ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യത്തിൽ മാത്രമേ സംസ്കാര ചടങ്ങുകൾ നടത്താൻ പാടുള്ളൂ എന്ന് നിർദ്ദേശിക്കുകയുമായിരുന്നു.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ആംബുലൻസ് ഡ്രൈവർ, ബന്ധുക്കൾ, പള്ളി ഭാരവാഹികൾ എന്നിവർക്കെതിരെ കേസെടുക്കാൻ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ഏത് മതത്തിൽപ്പെട്ട ആളുകളായാലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ സംസ്കാരം നടത്താൻ പാടുള്ളൂവെന്നും ഇല്ലെങ്കിൽ കേസെടുക്കുമെന്നുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.